കാസർകോട് : പ്രാർഥനയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പാസ്റ്റർക്ക് 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. ഭീമനടി, കാലിക്കടവിലെ ജെയിംസ് മാത്യു (49) വിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി (ഒന്ന്) എ.വി.ഉണ്ണികൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധികതടവും അനുഭവിക്കണം. 2014 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാസ്റ്ററായ പ്രതി പ്രാർഥിക്കാനെന്ന വ്യാജേന പ്രതിയുടെ വീട്ടിൽവെച്ചും പരാതിക്കാരിയുടെ വീട്ടിൽവെച്ചും ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.ചിറ്റാരിക്കൽ പോലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന ടി.പി.സുമേഷാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.രാഘവൻ ഹാജരായി.