മുംബൈ: പൂണെയിൽ കാറിടിച്ച് രണ്ട് ഐ.ടി പ്രൊഫഷണലുകൾ കൊല്ലപ്പെട്ട കേസിലെ പ്രതിയെ ഒബസർവേഷൻ ഹോമിൽ നിന്നും വിട്ടയക്കാൻ ബോംബെ ഹൈകോടതി ഉത്തരവ്. പിതാവിന്റെ സഹോദരിയുടെ കസ്റ്റഡിയിലേക്ക് കുട്ടിയെ മാറ്റാനാണ് ഉത്തരവ്. കുട്ടിക്കുള്ള കൗൺസിലിങ് തുടരണമെന്നും ഹൈകോടതി നിർദേശിച്ചു.
കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ തന്നെ റിമാൻഡിൽ വെക്കണമെന്ന ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതിയുടെ തീരുമാനം . കുട്ടിയുടെ കസ്റ്റഡി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് പിതൃസഹോദരിയാണ് കോടതിയെ സമീപിച്ചത്. അപകടമുണ്ടായ ഉടൻ പൊതുജനങ്ങളുടെ രോഷം മാത്രമാണ് പരിഗണിച്ചതെന്നും കുട്ടിയുടെ പ്രായം പരിഗണിച്ചില്ലെന്നും കോടതി വിലയിരുത്തി. പ്രതിയുടെ പ്രായം 18 വയസിന് താഴെയാണെന്നും അത് കൂടി പരിഗണിക്കേണ്ടിയിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
കോടതിക്ക് ഇക്കാര്യത്തിൽ നിയമപ്രകാരം മാത്രമേ പ്രവർത്തിക്കാൻ സാധിക്കു. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ അന്തസത്ത തന്നെ 18 വയസിൽ താഴെയുള്ള കുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നാണെന്നും കോടതി ഓർമിപ്പിച്ചു. രണ്ട് പേർ മരണപ്പെട്ട അപകടത്തിന്റെ ട്രോമയിൽ തന്നെയാണ് കുട്ടിയുള്ളതെന്നും കോടതി വ്യക്തമാക്കി.
മേയ് 19നായിരുന്നു കൗമാരക്കാരൻ മദ്യപിച്ച് അമിത വേഗതയിൽ ഓടിച്ച കാർ ഇടിച്ച് രണ്ട് ഐ.ടി പ്രൊഫെഷനലുകൾ കൊല്ലപ്പെട്ടത്. തുടർന്ന് കുട്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. തെളിവ് നശിപ്പിക്കൾ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.