ഭോപാൽ: ബി.ജെ.പിയെ പിന്തുണച്ചതിന് ഭർത്താവ് മുത്തലാഖ് നൽകിയെന്ന പരാമർശവുമായി യുവതി. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. എന്നാൽ ബി.ജെ.പിയെ പിന്തുണച്ചതല്ല യുവതിക്ക് വിവാഹേതര ബന്ധമുണ്ടായതാണ് മുത്തലാഖിലേക്ക് നയിച്ചതെന്നാണ് ഭർത്താവിന്റെ പ്രതികരണം. സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
എട്ട് വർഷങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. ഏറെകാലമായി സന്തോഷപരമായി മുന്നോട്ടുപോകുകയായിരുന്നുവെങ്കിലും ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിയുമായും പ്രശ്നമുണ്ടായതിനെ തുടർന്ന് ഇരുവരും വാടകക്ക് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു. തെരഞ്ഞെടുപ്പിൽ യുവതി ഭർത്താവിന്റെ താത്പര്യങ്ങൾക്ക് വിപരീതമായി ബി.ജെ.പിയെ പിന്തുണക്കുകയും വോട്ട് ചെയ്യുകയും ചെയ്തു. ഇതറിഞ്ഞതോടെയാണ് യുവതിയെ മുത്തലാഖ് ചൊല്ലിയതെന്നാണ് പരാതി.
അതേസമയം യുവതിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതാണ് മുത്തലാഖിന് കാരണമെന്നും ഭർത്താവ് വ്യക്തമാക്കി. എന്നാൽ ഭർത്താവിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഭാര്യ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2022 മാർച്ച് 30നാണ് താൻ ആദ്യമായി ഭാര്യക്ക് മുത്തലാഖ് നൽകിയതെന്ന് ഭർത്താവ് പ്രതികരിച്ചു. പിന്നീട് 2023 ഒക്ടോബർ, നവംബർ എന്നീ മാസങ്ങളിലും മുത്തലാഖ് നൽകിയതായും പറയുന്നു. യുവതി മൂന്ന് വർഷത്തോളമായി കുടുംബത്തിൽ നിന്നും മാറിയാണ് താമസിക്കുന്നതെന്നും തന്റെ കുടുംബവുമായി ആരോപിച്ച വിധത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഹോദരിമാർ മറ്റ് വീടുകളിൽ താമസിക്കുന്നവരാണ്. കേസിലേക്ക് അവരെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൃത്യമായി പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.