നാദാപുരം: കോഴിക്കോട് അനധികൃത മദ്യ വിൽപ്പനക്കാർക്ക് വിൽപ്പനക്കായി മദ്യം എത്തിച്ച് നൽകിയിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. നാദാപുരം എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെയാണ് സസ്പെൻഡ് ചെയ്തത്. ആറ് ലിറ്റർ അനിധികൃത മദ്യവുമായി കൊയിലാണ്ടി കീഴയിരൂർ സ്നദേശി ദാമോദരൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മദ്യകച്ചവടത്തിന് പിന്നിൽ എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിയുന്നത്.
അബ്ദുൾ ബഷീറാണ് ദാമോദരനെ വിളിച്ച് കുറഞ്ഞ വിലയ്ക്ക് മദ്യം നൽകാമെന്ന് അറിയിക്കുന്നത്. തുടർന്ന് നാലായിരം രൂപ കൈപ്പറ്റി 6 ലിറ്റർ മദ്യം കൈമാറി. ഈ മദ്യവുമായി വരുമ്പോഴാണ് ദാമോദരൻ പിടിലിയാകുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍റിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ മദ്യം കൈമാറിയതെന്ന് ദാമോദരൻ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഫോൺ രേഖകൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇതിന് പിന്നാലെയാണ് എക്സൈസ് പ്രിവന്‍റീവ് ഓഫീസർ സി. അബ്ദുൾ ബഷീറിനെ സസ്പെന്‍റ് ചെയ്തത്. വകുപ്പിന് കളങ്കമുണ്ടാക്കുന്ന ഗുരുതര കുറ്റമാണ് അബ്ദുൾ ബഷീറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് നിർദ്ദേശ നൽകിയിട്ടുണ്ട്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.