തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതികവിദ്യ സാധൂകരിക്കുന്നതിനായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായി ധാരണാപത്രം ഒപ്പിട്ടു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സിഎസ്ഐആര്‍ ലാബുകളില്‍ സംഘടിപ്പിക്കുന്ന ‘വണ്‍ വീക്ക് വണ്‍ തീം’ പരിപാടിയിയുടെ ഭാഗമായി തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.
ആഗോള ബയോമെഡിക്കല്‍ രംഗത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. എയിംസില്‍ സാങ്കേതികവിദ്യ സ്ഥാപിക്കുന്നതിനു മുമ്പായി രണ്ട് സ്ഥാപനങ്ങളും വീണ്ടും കൂടിക്കാഴ്ച നടത്തും. കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചി(സിഎസ്ഐആര്‍)ന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ വികസന സ്ഥാപനമായ എന്‍ഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട്ടെ ലാബിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഇതിലൂടെ രക്തം, കഫം, മൂത്രം, മറ്റ് ശരീര സ്രവങ്ങള്‍, ദന്തമാലിന്യങ്ങള്‍, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള മാലിന്യങ്ങള്‍, കോട്ടണ്‍ ബാന്‍ഡേജ്, ലാബ് മാലിന്യങ്ങള്‍ എന്നിവ വളരെ പെട്ടന്ന് തന്നെ അണുനശീകരണം നടത്തുകയും ഖരമാലിന്യമാക്കി മാറ്റുകയും ചെയ്യും. ആശുപത്രി മാലിന്യങ്ങള്‍ ഉറവിടത്തില്‍ വച്ച് തന്നെ സംസ്ക്കരിക്കാനാകുമെന്നതാണ് മെച്ചം. ആശുപത്രി മാലിന്യങ്ങളില്‍ നിന്നും ഗുരുതരമായ രോഗചംക്രമണം ഉണ്ടാകുന്നത് തടയാനും സാധിക്കും.
സാങ്കേതികവിദ്യയുടെ അണുനശീകരണ ശേഷിയും വിഷരഹിത സ്വഭാവവും വിദഗ്ധ പഠനത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് വെര്‍മി കമ്പോസ്റ്റ് പോലുള്ള ജൈവ വളങ്ങളേക്കാള്‍ മികച്ചതാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയും സിഎസ്ഐആര്‍ വൈസ് പ്രസിഡന്‍റുമായ ഡോ. ജിതേന്ദ്ര സിംഗിന്‍റെ സാന്നിധ്യത്തില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ എയിംസ് ഡയറക്ടര്‍ ഡോ. എം. ശ്രീനിവാസിന് ധാരണാപത്രം കൈമാറി. ഡിഎസ്ഐആര്‍ സെക്രട്ടറിയും സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. എന്‍. കലൈസെല്‍വി, സിഎസ്ഐആര്‍-സിബിആര്‍ഐ ഡയറക്ടര്‍ ആര്‍. പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധനയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പരിശോധിക്കണമെന്നും ഇത് രാജ്യപുരോഗതിയില്‍ സഹായകമാകുമെന്നും ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഹിമാലയന്‍ ഭൂപ്രദേശങ്ങളിലെയും സമുദ്രത്തിലെയും വിഭവങ്ങളുടെ മൂല്യവര്‍ധനയില്‍ ശാസ്ത്രസമൂഹം ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴ് ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും രാജ്യത്തിനാകെ പ്രദര്‍ശിപ്പിക്കാന്‍ വണ്‍ വീക്ക് വണ്‍ തീമിലൂടെ സിഎസ്ഐആറിന് സാധിക്കുമെന്ന് ഡോ. എന്‍. കലൈസെല്‍വി പറഞ്ഞു. ഈ ആശയങ്ങള്‍ പങ്കാളികളുടെ വിശ്വാസം നേടിയെടുക്കാന്‍ സിഎസ്ഐആറിനെ സഹായിക്കുമെന്നും ആഗോളതലത്തിലുള്ള സാങ്കേതികവിദ്യ കൈമാറ്റത്തില്‍ രാജ്യത്തിന് മുതല്‍കൂട്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്നത് ഉള്‍പ്പെടെയുള്ള വിവിധ മാലിന്യ സംസ്കരണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ എന്‍ഐഐഎസ്ടി സജീവമാണെന്ന് ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ വളമാക്കുന്ന സാങ്കേതിക വിദ്യ ‘വേസ്റ്റ് ടു വെല്‍ത്ത്’ എന്ന ആശയത്തിന്‍റെ ഉത്തമ ഉദാഹരണമാണ്. സാമൂഹികവും ദേശീയവും ആഗോളവുമായ പ്രാധാന്യത്തോടെ എല്ലാ സാങ്കേതിക വിദ്യകളിലും സുസ്ഥിരത പ്രദാനം ചെയ്യാന്‍ എന്‍ഐഐഎസ്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആശുപത്രി മാലിന്യങ്ങള്‍ രോഗകാരികളായ സൂക്ഷ്മജീവികള്‍ അടങ്ങിയതും പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കുന്നവയുമാണ്. ഇതിന്‍റെ നിര്‍മ്മാര്‍ജ്ജനം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2020 ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ പ്രതിദിനം 774 ടണ്‍ ആശുപത്രി മാലിന്യമാണ് പുറന്തള്ളുന്നത്. ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണത്തില്‍ മനുഷ്യ സമ്പര്‍ക്കം കുറയ്ക്കുന്നതിനായുള്ള ഓട്ടോമേറ്റഡ് ഇന്‍റഗ്രേറ്റഡ് ഉപകരണവും എന്‍ഐഐഎസ്ടി വികസിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഭാരത് മണ്ഡപത്തില്‍ സിഎസ്ഐആര്‍ സംഘടിപ്പിച്ച എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു.
കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നും സസ്യജന്യ തുകല്‍ ഉത്പാദിപ്പിക്കുന്നതിനുള്ള എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ അഹമ്മദാബാദിലെ വെഗാന്‍വിസ്റ്റ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പിന് കൈമാറുന്ന ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവച്ചു. കള്ളിച്ചെടിയില്‍ നിന്ന് സസ്യജന്യ തുകല്‍ ബദലുകള്‍ (വെഗന്‍ ലെതര്‍) ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കള്ളിച്ചെടിയില്‍ നിന്നുള്ള മൂല്യവര്‍ധന കര്‍ഷകര്‍ക്ക് വരുമാനവും തൊഴിലവസരവും സൃഷ്ടിക്കും. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും വരണ്ട പ്രദേശങ്ങളിലെ തരിശുഭൂമിയുടെ ഉപഭോഗം ഉറപ്പാക്കുകയും ചെയ്യാനാകും.
സസ്യ എണ്ണയില്‍ നിന്നുള്ള ബയോ-റസിന്‍ വികസിപ്പിക്കുന്നതിനുള്ള എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ സഞ്ചിത് ഗുലാത്തിയുടെ ഉടമസ്ഥതയിലുള്ള ഹരിയാനയിലെ പാനിപ്പത്തിലെ സ്റ്റാര്‍ട്ടപ്പിന് കൈമാറി. പ്ലാസ്റ്റിക്കുകളുടെ ഒറ്റത്തവണ ഉപയോഗത്തിന് ബദലാകാന്‍ ഈ സാങ്കേതികവിദ്യക്കാകും. കടലാസിലും മറ്റ് സെല്ലുലോസിക് ഉല്‍പ്പന്നങ്ങളിലുമുള്ള ബയോ-റസിന്‍ ലൈനര്‍ പരിസ്ഥിതി സൗഹൃദവും പുനരുപയോഗ സാധ്യതയുള്ളതുമാണ്.