ന്യൂഡൽഹി: അമേത്തിയിൽ ജയമുറപ്പിച്ച രീതിയിൽ പ്രചാരണ കാലത്തുടനീളം വീമ്പു പറഞ്ഞ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ലോക്സഭ തെരഞ്ഞെടുപ്പിലേറ്റത് വമ്പൻ തോൽവിയായിരുന്നു. കോൺഗ്രസിന്റെ അത്രയൊന്നും അറിയപ്പെടാത്ത സ്ഥാനാർഥി കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിനാണ് സ്മൃതി ഇറാനി പരാജയപ്പെട്ടത്. ഒറ്റക്ക് ഭൂരിപക്ഷം കിട്ടാത്തതോടെ, എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണയിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മന്ത്രിസഭയിൽ തങ്ങളുടെ പ്രധാന വനിതാ മുഖമായി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ ബി.ജെ.പി ഉൾപ്പെടുത്തിയതുമില്ല.
നിലവിലെ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ മൂന്നാം മോദി മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയാണ് നദ്ദ. കെമിക്കൽ-ഫെർട്ടിലൈസർ വകുപ്പുകളുടെ ചുമതലയുമുണ്ട്. നദ്ദ മന്ത്രിയായതോടെ പാർട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനെ ബി.ജെ.പി വൈകാതെ തെരഞ്ഞെടുക്കും. പാർട്ടിയുടെ ദേശീയ പ്രസിഡന്റായി സ്മൃതി ഇറാനിയുടെ പേര് സജീവ പരിഗണനയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ വന്നാൽ, ഇതാദ്യമായിരിക്കും പാർട്ടിക്ക് വനിതയായ ദേശീയ പ്രസിഡന്റ് ഉണ്ടാവുക.
1980-ൽ പാർട്ടി രൂപവത്കൃതമായ ശേഷം ഇതുവരെ ഒരു വനിത പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടില്ല. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായിരുന്നു പാർട്ടിയുടെ ആദ്യ അധ്യക്ഷൻ. പിന്നീട് എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി, കുശഭാവു താക്കറെ, ബംഗാരു ലക്ഷ്മൺ, ജന കൃഷ്ണമൂർത്തി, വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവർ പാർട്ടി അധ്യക്ഷന്മാരായി. 2019ൽ നദ്ദ പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റ നദ്ദ 2020 ജനുവരിയിൽ മുഴുവൻ സമയ പ്രസിഡന്റായി.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് അനുരാഗ് താക്കൂറിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, കെ. ലക്ഷ്മൺ, സുനിൽ ബൻസാൽ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഓം മാത്തൂർ എന്നിവരുടെ പേരും ചില വൃത്തങ്ങളിൽ ഉയരുന്നുണ്ട്.
സ്മൃതി ഇറാനിക്കു പകരം മൂന്നാം മോദി മന്ത്രിസഭയിൽ ഝാർഖണ്ഡിൽ നിന്നുള്ള ബി.ജെ.പിയുടെ പിന്നാക്ക നേതാവ് അന്നപൂർണാ ദേവിയെയാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്ഥാനത്ത് പരിഗണിച്ചത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 33 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ക്ഷേത്രനഗരമായ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ വരെ പാർട്ടിക്ക് കനത്ത തോൽവിയായിരുന്നു ഫലം. അമേത്തിയിൽ കിഷോരി ലാൽ ശർമയോട് സ്മൃതി ഇറാനിക്കേറ്റ കനത്ത പ്രഹരം ഇക്കുറി പാർട്ടിയെ ഞെട്ടിച്ച പരാജയം കൂടിയായിരുന്നു. 2019ൽ അമേത്തിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി, അഞ്ചുവർഷത്തിനുശേഷം കനത്ത ആത്മവിശ്വാസവുമായി പോരിനിറങ്ങിയപ്പോഴാണ് വൻ തോൽവി പിണഞ്ഞത്.