തിരുവനന്തപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി ഉപേക്ഷിക്കാൻ ടൂറിസം വകുപ്പ് ആലോചിക്കുന്നു. നിര്‍മ്മാണ കരാർ എടുത്ത കമ്പനിയുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ ടെണ്ടർ റദ്ദാക്കാനുള്ള നീക്കത്തിലാണ് വിനോദസഞ്ചാര വകുപ്പ്. ആറ് വര്‍ഷം മുൻപ് തുടങ്ങിയ പദ്ധതി മുഖ്യമന്ത്രി മുൻകൈയ്യെടുത്തിട്ടും ടൂറിസം വകുപ്പിന് മുന്നോട്ട് കൊണ്ട് പോകാനായില്ല. സംഭവത്തിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭയിൽ സിപിഎം അംഗം മുൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അടിപൊളിയാക്കും ആക്കുളം എന്ന് പറഞ്ഞാണ് 66 ഹെക്ടര്‍ വരുന്ന കായലിന്‍റെ സമഗ്ര വികസനത്തിന് ഒന്നാം പിണറായി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്. 185.23 കോടി രൂപക്ക് 15 വര്‍ഷത്തെ പരിപാലനം കൂടി ഉറപ്പാക്കുന്നതായിരുന്നു രൂപരേഖ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്കോസായിരുന്നു നടത്തിപ്പ് ഏജൻസി. 96 കോടി രൂപക്ക് ആദ്യഘട്ടം പൂര്‍ത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ ആവന്തിക കോൺട്രാക്ടേഴ്സുസുമായി കരാറിലെത്തി. എന്നാൽ പദ്ധതി മുന്നോട്ട് പോയില്ല. 2022 മാര്‍ച്ചിൽ നിയമസഭയിൽ വിഷയം സബ് മിഷനായി ഉന്നയിക്കപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി റിയാസ് സഭയിൽ വ്യക്തമാക്കി.
എന്നിട്ടും രണ്ട് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും ആക്കുളം പുനരുജ്ജീവന പദ്ധതി തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. പദ്ധതിക്ക് വേണ്ട അനുമതികളെല്ലാം നൽകിയിട്ടുണ്ടെന്ന് കിഫ്ബി അധികൃതര്‍ വിശദീകരിക്കുന്നു. എന്നാൽ കരാർ ഒപ്പിട്ട് പണി തുടങ്ങാൻ ടൂറിസം വകുപ്പ് തയ്യാറായിട്ടില്ല. പദ്ധതി നടത്തിപ്പിന് ആവന്തിക കോൺട്രാക്ടേഴ്സ് കണ്ടെത്തിയ സാങ്കേതിക പങ്കാളിയെ ചേര്‍ത്ത് കൺസോര്‍ഷ്യം രൂപീകരിച്ചതിൽ ടൂറിസം വകുപ്പ് ഉടക്കിട്ടെന്നും സാങ്കേതിക പങ്കാളിയെ ചേര്‍ത്ത് ജോയിന്‍റ് വെഞ്ച്വര്‍ രൂപീകരിക്കണമെന്ന വകുപ്പിന്‍റെ ആവശ്യം കരാര്‍ ഏജൻസി തള്ളിയതുമാണ് അനിശ്ചിതത്വത്തിന് കാരണം എന്നാണ് വിവരം. ടൂറിസം വകുപ്പിൻ്റെ നീക്കത്തിന് പിന്നിൽ സ്ഥാപിത താൽപര്യങ്ങൾ ഉണ്ടെന്ന ആക്ഷേപം ശക്തമാണ്. ആറ് കോടിയോളം രൂപ മുടക്കിയ പദ്ധതിയിൽ നിന്ന് സർക്കാർ ഏകപക്ഷീയമായി പിന്മാറിയാൽ കരാർ നിയമക്കുരുക്കിലാകും. ആക്കുളം പുനരുജ്ജീവന പദ്ധതി പാതി വഴിയിൽ നിലയ്ക്കുകയും ചെയ്യും.