ന്യൂഡൽഹി: താഴ്ന്ന ഇടത്തരക്കാർക്ക് ശരാശരി പ്രതിമാസ വരുമാനം ലഭിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഹൈദരാബാദ്. ഹൈദരാബാദിലെ താഴ്ന്ന ഇടത്തരക്കാരുടെ ശരാശരി പ്രതിമാസ വരുമാനം 44,000 രൂപയാണ്. കഴിഞ്ഞ വർഷം 42,000 രൂപയായിരുന്നു വരുമാനം.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 4.7 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ, ധനകാര്യ ദാതാക്കളായ ഹോം ക്രെഡിറ്റിന്‍റെ ‘ദി ഗ്രേറ്റ് ഇന്ത്യൻ വാലറ്റ്’ പഠനം അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്.
പട്ടികയിൽ 17ാം സ്ഥാനത്താണ് കേരളത്തിലെ കൊച്ചി നഗരം. കൊച്ചിയിൽ താഴ്ന്ന ഇടത്തരക്കാർക്ക് ശരാശരി പ്രതിമാസ വരുമാനം 29,000 രൂപയാണ്. കഴിഞ്ഞ വർഷം 26,000 രൂപയായിരുന്നു ഇത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 3000 രൂപയുടെ വർധനവുണ്ട്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് പൂണെയും മൂന്നാം സ്ഥാനത്ത് ബംഗളൂരുവും നാലാം സ്ഥാനത്ത് ഡെറാഡൂണും അഞ്ചാം സ്ഥാനത്ത് ജയ്പൂരുമാണ്. പൂണെ- 29,000, ബംഗളൂരു-38,000, ഡെറാഡൂൺ-37,000, ജയ്പൂരുർ-34,000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ശരാശരി വരുമാനം.
ആറു മുതൽ 16 വരെയുള്ള സ്ഥാനങ്ങൾ മുംബൈ- 33,000 രൂപ, അഹമ്മദാബാദ്- 33,000 രൂപ, ചെന്നൈ- 32,000 രൂപ, കൊൽക്കത്ത- 32,000 രൂപ, ഡൽഹി- 32,000 രൂപ, പാറ്റ്‍ന- 31,000 രൂപ, ഭോപ്പാൽ- 30,000 രൂപ, ഛണ്ഡിഗഡ്- 30,000 രൂപ, ലുധിയാന- 30,000 രൂപ, റാഞ്ചി- 29,000 രൂപ, ലക്നോ – 29,000 രൂപ എന്നീ നഗരങ്ങൾക്കാണ്.