കണ്ണൂർ : കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ബോംബാക്രമണത്തിൽ ഡി.വൈ.എഫ്.ഐയ്ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും സിപിഐഎമ്മിലെ ക്രിമിനൽ വത്കരണം പരിപൂർണതയിൽ എത്തി നിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു. കല്യാണ വീട്ടിലെ തർക്കം കൊലപാതകത്തിൽ അവസാനിക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. രാഷ്ട്രീയ പ്രവർത്തനവും ഗുണ്ടാപണിയും ഒരുമിച്ച് നടത്തുന്നവരാണിവർ. കേസിലെ പ്രതി മിഥുൻ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്. ബോംബ് നിർമ്മിക്കുന്നതിന് സി.പി.ഐ.എം പിന്തുണയുണ്ട്. ആയുധപ്പുരകൾ അടച്ചുപൂട്ടാൻ സിപിഐഎം തീരുമാനിക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
നേരത്തെ വെച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിർമ്മിച്ചത് മിഥുനെന്ന് പോലീസ് അറിയിച്ചിരുന്നു. കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. മിഥുന്‍, ഗോകുല്‍, സനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഥുന്‍, ഗോകുല്‍, അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ബോംബ് നിർമ്മിച്ചത്. സനാദ് തോട്ടട പ്രദേശത്ത് തന്നെയുള്ള മിഥുന്റെ സുഹൃത്താണ്. വടിവാളുമായി സ്ഥലത്തെത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബോംബുണ്ടാക്കിയ സ്ഥലവും ബോംബുണ്ടാക്കാനുപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തിയതായും എസിപി അറിയിച്ചു. മിഥുന്റെ വീടിന്റെ പരിസരത്താണ് ബോംബുണ്ടാക്കിയത്. പരീക്ഷണം നടത്തിയത് മിഥുന്റെ വീടിന്റെ പരിസരത്താണ്. മരിച്ച ജിഷ്ണു ബോംബുമായി എത്തിയെന്നത് ശരിയല്ല. ബോംബ് നിര്‍മ്മിച്ചിരുന്ന കാര്യവും ജിഷ്ണുവിന് അറിയില്ലായിരുന്നു. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. മറ്റ് പ്രതികളായ അക്ഷയ് ഗോകുല്‍ എന്നിവര്‍ ബോംബ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്നും മിഥുന്‍ മൊഴി നല്‍കി.