കൊച്ചി: മാനസികനില തകരാറിലാണെന്ന കാരണം പറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് നിഷേധിച്ച കമ്പനി 3.21 ലക്ഷം രൂപ നഷ്ടപരിഹാരം പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ ആലപ്പുഴ സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2.51 ലക്ഷം രൂപ ഇൻഷുറൻസ് തുകയും 50,000 രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിെച്ചലവും ഒരുമാസത്തിനകം പരാതിക്കാരന് നൽകാനാണ് നിർദേശം.
വീടിന്‍റെ ബാൽെക്കണിയിൽനിന്ന് വീണ് പരിക്കേറ്റതിനെത്തുടർന്ന് പരാതിക്കാരന്‍റെ മകളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഇതിന്‍റെ ഇൻഷുറൻസ് ക്ലെയിം സ്റ്റാർ ഹെൽത്ത് കമ്പനി നിരസിച്ച നടപടിയാണ് ചോദ്യം ചെയ്തത്. ആശുപത്രിരേഖകൾ പ്രകാരം ആറുവർഷമായി മനോരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും അതുമൂലമുള്ള പരിക്കുകൾ അപകടത്തിന്‍റെ പരിധിയിൽ വരില്ലെന്നുമുള്ള കാരണം പറഞ്ഞാണ് കമ്പനി ക്ലെയിം നിരസിച്ചത്.
മനോരോഗം മൂലമാണ് പരിക്കുപറ്റിയതെന്ന് തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിയാത്ത സാഹചര്യത്തിൽ അപകടത്തിന് ലഭിക്കേണ്ട ഇൻഷുറൻസ് തുകക്ക് പരാതിക്കാർക്ക് അവകാശമുണ്ടെന്ന് ഡി.ബി. ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം വ്യക്തമാക്കി. പരാതിക്കാർക്ക് വേണ്ടി അഡ്വ. കെ. പോൾ കുര്യാക്കോസ് ഹാജരായി.