തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കടക്കം ശിക്ഷയിളവ് നൽകുന്നത് സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് സർക്കാർ. ഇതു സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചവർക്ക് ശിക്ഷയിളവിന് അര്‍ഹതയില്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി എം.ബി. രാജേഷ് അറിയിച്ചു.
ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കുംമുമ്പ് ഇളവ് അനുവദിക്കരുതെന്ന് ഹൈകോടതി ഉത്തരവുണ്ട്. ശിക്ഷയിളവ് സംബന്ധിച്ച് കണ്ണൂര്‍ ജയില്‍ സൂപ്രണ്ട് പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജയില്‍ മേധാവി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ഈ കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷയിളവിനുള്ളവരുടെ അന്തിമപട്ടിക നല്‍കുമെന്ന് വ്യക്തമാക്കി ജയില്‍ മേധാവി പത്രക്കുറിപ്പും ഇറക്കി.
ശിക്ഷയിളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ല പൊലീസ് മേധാവിക്ക് നല്കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഈ കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് മറുപടിയിൽ വ്യക്തമാക്കി.