ന്യൂഡൽഹി: ലോക്സഭ തെരെഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാജ്യത്തെ മുസ്‍ലിംകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. പശുക്കടത്താരോപിച്ച് നിരവധി പേരെയാണ് ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയും ഹിന്ദുത്വവാദികളും കൊലപ്പെടുത്തിയത്. അലീഗഢിൽ മോഷണം ആരോപിച്ച് മുസ്‍ലിമായ ഒരാളെ അടിച്ചുകൊന്നു. ലക്നോവില്‍ മുസ്‍ലിം വിഭാഗത്തില്‍പ്പെട്ടരുടെ ആയിരത്തിലധികം വീടുകള്‍ പൊളിച്ചുനീക്കി.
തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഡൽഹിയിൽ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്കുണ്ടായ തെരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യും. സംസ്ഥാന ഘടകങ്ങൾ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അവലോകനം.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച ഡൽഹിയിൽ എത്തി. കേരളത്തിലെ തോൽവി നിരാശജനകമാണെന്നും ആഴത്തിലുള്ള ആത്മപരിശോധന നടത്തുമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു.