തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്‍നാടൻ എംഎഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പോസ്റ്റ് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ പൂര്‍ണമായും ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി എംബി രാജേഷ് സഭയില്‍ മറുപടി നല്‍കിയത്. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി.ഫേയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. മന്ത്രി മറുപടി പറയുന്നതിനിടെ വിഷയത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തന്‍റെ ചോദ്യത്തിന് മറുപടിയില്ലെന്ന് മാത്യു കുഴല്‍നാടൻ പറഞ്ഞു. ആരാണ് പ്രതികള്‍ എന്നും എഫ്ഐആര്‍ ഉണ്ടോയെന്നും മാത്യു കുഴല്‍ നാടൻ ചോദിച്ചു. എന്നാല്‍, പ്രൊഫൈല്‍ വിവരം ഫേയ്സ്ബുക്കില്‍ നിന്നും കിട്ടണമെന്ന് എംബി രാജേഷ് ആവര്‍ത്തിച്ചു. ഫേയ്സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ കിട്ടിയാലെ അന്വേഷണം പൂര്‍ത്തിയാകുവെന്നും വര്‍ഗീയ പ്രചാരണങ്ങളില്‍ 17 കേസുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്‍ എംഎല്‍എ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് അവരെ പ്രതിയാക്കുന്നില്ലെന്നും മാത്യു കുഴല്‍നാടൻ ചോദിച്ചു. എന്നാല്‍, കെകെ ലതികയ്ക്ക് എതിരെ കേസ് എടുക്കുന്നതില്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിനിടെ മന്ത്രി വീണ്ടും മറുപടി തുടര്‍ന്നു. കെകെ ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയോ അതോ അതിനെ എതിര്‍ത്തുള്ള പോസ്റ്റോ ആണോയെന്ന് മന്ത്രി ചോദിച്ചു. കെകെ ലതികയുടെ പോസ്റ്റും നിയമസഭയില്‍ വായിച്ചു. പോസ്റ്റ് വര്‍ഗീയത പ്രചരിപ്പിച്ചതാണോയെന്നും മന്ത്രി ചോദിച്ചു. ആര് വര്‍ഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.