തിരുവനന്തപുരം : രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവര്‍ണക്കെതിരേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാപകമായ ആക്ഷേപങ്ങളാണ് സിപിഎമ്മിന്റേയും മുസ്‌ലീം ലീഗിന്റേയുമെല്ലാം ഭാഗത്തു നിന്നുണ്ടാകുന്നത്. അദ്ദേഹം ഹിജാബ് വിഷയത്തിലും ഏകീകൃത സിവില്‍ വിഷയത്തിലും ചില അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ വലിയ രീതിയില്‍ ആക്ഷേപിക്കുന്ന നിലയാണ് കേരളത്തിലുള്ളത്. അത് ശരിയായ നടപടിയല്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കെഎസ്ഇബിയിലെ ചെറിയ അഴിമതി മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സിഐടിയുവിന്റെ ഇടപെടല്‍ മാഫിയാ സംഘത്തെപ്പോലെയാണ്. മന്ത്രിയെ നോക്കുകുത്തിയാക്കി സിഐടിയുവാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.