തിരുവനന്തപുരം: പി. ജയരാജന് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനം അദ്ദേഹം ആരോപിച്ചു.
ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നിരവധി തവണയായി കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനും സി.പി.എമ്മിനും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ്. നാട്ടിലെ കൊട്ടേഷന്‍ മയക്കുമരുന്ന് ഗുണ്ടാ മാഫിയകള്‍ക്ക് കേരളത്തിലെ ഭരണകക്ഷിയാണ് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍.
സി.പി.എം ഉന്നത നേതാവായ പി.ജയരാജനും അദ്ദേഹത്തിന്റെ മകനും എതിരെയാണ് ഡി.വൈ.എഫ്.ഐ നേതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ക്കള്ളക്കടത്ത് സംഘങ്ങളുമായും സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളുമായും കൊട്ടേഷന്‍ സംഘങ്ങളുമായും പി ജയരാജനും മകനും ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍. മലയോര മേഖലയില്‍ ക്വാറി മുതലാളിമാര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കാന്‍ പറ്റിയ ഏരിയ സെക്രട്ടറിമാരെ നിയമിക്കുന്ന തലത്തിലേക്ക് സി.പി.എം തരംതാഴ്ന്നു. സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്നാണ് ഡി.വൈ.എഫ്.ഐ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.
വെളിപ്പെടുത്തല്‍ നടത്തിയ മനു തോമസിനെ ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ്. മയക്കുമരുന്ന് സ്വര്‍ണക്കടത്ത് കേസുകളില്‍ ഉള്‍പ്പെട്ട കൊട്ടേഷന്‍ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെയാണ് ഭീഷണിക്ക് പിന്നില്‍. പാര്‍ട്ടിക്കെതിരെ സംസാരിച്ചാല്‍ അത് അവസാനിപ്പിക്കാന്‍ അറിയാമെന്നാണ് ഭീഷണി. ഷുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കുണ്ടന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്രിമിനല്‍ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ സംരക്ഷിക്കുന്ന ക്രിമിനലായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെല്ലാം സി.പി.എം നേതാക്കളാണ് കുടപിടിച്ചു കൊടുക്കുന്നത്.
എം. ഷാജിര്‍ എന്ന ഡി.വൈ.എഫ്.ഐ നേതാവിനെതിരെ മനു തോമസ് ജില്ലാ കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചു. ആകാശ് തില്ലങ്കേരിയുടെ ശബ്ദരേഖ ഹാജരാക്കി. ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണ വിധേയനായ ഷാജിറിനെ സി.പി.എം യുവജന കമീഷന്‍ ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കി. ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച ആളാണ് ഇപ്പോള്‍ യുവജനകമീഷന്‍ ചെയര്‍മാനായി ഇരിക്കുന്നത്. ഇവരൊക്കെയാണ് സി.പി.എമ്മിന്റെ അടുത്ത തലമുറയാണെന്നും സതീശൻ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് മുഴുവന്‍ സര്‍ക്കാര്‍ പരോള്‍ നല്‍കുകയാണ്. പരോളില്‍ ഇറങ്ങുന്ന ഈ പ്രതികള്‍ സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും സ്വര്‍ണം പൊട്ടിക്കല്‍ നടത്തുകയും മയക്കുമരുന്ന് വിതരണം ചെയ്യുകയും ചെയ്ത കേസുകളില്‍ പ്രതികളായി. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കാണ് തോന്നിയതു പോലെ പരോള്‍ നല്‍കുന്നത്. അവര്‍ക്ക് ജയിലില്‍ നിന്നു വരെ കൊട്ടേഷന്‍ നടപ്പാക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിക്കൊടുത്തിരിക്കുന്നത്.
കഴിഞ്ഞ കുറേക്കാലങ്ങളായി സി.പി.എം കൊട്ടേഷന്‍ സംഘങ്ങളെയും അധോലോക മാഫിയകളെയും വളര്‍ത്തിയതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മയക്കു മരുന്ന് മാഫിയ തഴച്ചു വളരുന്നതിന്റെ പിന്നിലും സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും രാഷ്ട്രീയ രക്ഷകര്‍തൃത്വമാണെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത്.
അധോലേക സംഘങ്ങള്‍ക്ക് മുഴുവന്‍ സി.പി.എം കുടപിടിച്ചു കൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറിമാരാണ് എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറിമാരാണ് എസ്.പിമാരെയും നിയന്ത്രിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നതെന്നും വ.ഡി. സതീശൻ പറഞ്ഞു.
കീഴ് വഴക്കമുണ്ടെങ്കിലും മനു തോമസിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ ഡി.സി.സി കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ഥ മുഖമാണ് പുറത്തു വന്നിരിക്കുന്നത്.