കൊച്ചി: പൊതുവഴിയിൽ മാലിന്യമുപേക്ഷിച്ച് പഞ്ചായത്ത് മെമ്പർ മുങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. എറണാകുളം മഞ്ഞളളൂർ പഞ്ചായത്ത് മെമ്പർ പി പി സുധാകരൻ തന്ത്രപരമായി റോഡിൽ മാലിന്യം തളളുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബ്രഹ്മപുരം കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് സർക്കാരിനോട് ചോദിച്ചത്.സിസിടിവിയിൽ കുടുങ്ങിയ പഞ്ചായത്ത് മെമ്പറെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പൊക്കിയത്. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കേസ് പരിഗണിക്കുമ്പോഴാണ് പുറത്തുവന്ന ദൃശ്യങ്ങളെപ്പറ്റി സർക്കാർ അഭിഭാഷകനോട് ചോദിച്ചത്. വഴിയരികിൽ മാലിന്യം തളളിയ മെമ്പർക്കെതിരെ എന്ത് നടപടിയെടുത്തു. അടുത്ത സിറ്റിങ്ങിൽ ഇക്കാര്യം പരിശോധിച്ച് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. മാലിന്യം തളളിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുട്ടാപ്പോക്കുമായി മെമ്പറും എത്തിയിരുന്നു. വഴിയരുകിൽ മാലിന്യം തള്ളിയ സംഭവത്തിൽ മെമ്പർ പിഴയൊടുക്കി തൽക്കാലം തടിതപ്പിയിയിട്ടുണ്ട്. അടുത്ത സിറ്റിങ്ങിൽ സർക്കാർ ഇക്കാര്യം കോടതിയെ അറിയിക്കും.
സിസിടിവിയാണ് മെമ്പർ സുധാകരനെ ചതിച്ചത്. സ്കൂട്ടറിൽ പോകുകയായിരുന്ന സുധാകരൻ ചവിട്ടുപടിയില്‍ വച്ച വേസ്റ്റ് പെട്ടെന്ന് ഒറ്റ തട്ട്. വേസ്റ്റ് റോഡ് അരികിലേക്ക് തെറിച്ചു വീണു. സിസിടിവിയിൽ വളരെ കൃത്യമായി തന്നെ മെമ്പറുടെ ഈ പ്രവർത്തി കാണാം. അങ്ങനെ മാതൃകയാകേണ്ട മെമ്പറുടെ മാതൃകയല്ലാത്ത പ്രവര്‍ത്തനം സിസിടിവിയില്‍ കുടുങ്ങി. അതുകഴിഞ്ഞൊരു ദിവസം, നാട്ടില്‍ അറവുമാലിന്യം തള്ളിയവര്‍ക്കെതിരെ മെമ്പര്‍ പ്രതികരിച്ചു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ ഫുട്ബോള്‍ കമന്ററി ചേര്‍ത്ത് ഏതോ വിരുതന്‍ പുറത്തുവിട്ടു. അങ്ങനെയാണെ സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ വിശദീകരണവുമായി മെമ്പർ രംഗത്തെത്തിയിരുന്നു.