കൊച്ചി : കാക്കനാട് വാഴക്കാലയിൽ ഉയർന്ന അളവിൽ എംഡിഎംഎ ലഹരി മരുന്നു പിടികൂടിയ കേസിലെ മൊത്തക്കച്ചവടക്കാരൻ എക്‌സൈസ് പിടിയിൽ. ഫ്‌ലാറ്റിൽ നിന്നു പിടിയിലായ സംഘത്തിനു ലഹരി നൽകി വന്ന ചെന്നൈ തൊണ്ടിയാർപേട്ട് സ്വദേശി ഷംസുദീൻ സേട്ട് ആണ് മധുരയിൽ പിടിയിലായത്. വിദേശത്ത് നിന്നു ലഹരി എത്തിച്ചു വിതരണം ചെയ്തിരുന്ന മൊത്തക്കച്ചവടക്കാരനു വേണ്ടി മാസങ്ങളായി തിരച്ചിലിലായിരുന്നു ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ടി.എം. കാസിമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. 25 പ്രതികളുള്ള, 19 പേർ പിടിയിലായ കാക്കനാട് ലഹരി മരുന്നു കേസിൽ മുഖ്യ പ്രതി ഷംസുദീൻ സേട്ടാണെന്ന് അന്വേഷണ സംഘം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ചെന്നൈ ട്രിപ്പിക്കനിൽ ലഹരിക്കായി എത്തിയ കൊച്ചി സംഘത്തിനു തൊണ്ടിയാർപെട്ടിൽ വച്ചു ലഹരി കൈമാറിയത് ഇയാളാണെന്ന മൊഴിയും ലഭിച്ചിരുന്നു. ഷുംസുദീന്റെ ബാങ്ക് അക്കൗണ്ടു പരിശോധിച്ചപ്പോൾ പ്രതികളിൽ നിന്നു പണം നിരവധി തവണ എത്തിയതു കണ്ടെത്തിയതോടെ ലഹരി കടത്തിന്റെ വമ്പൻ സ്രാവ് ഇയാളാണെന്ന് ഉറപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതി വലയിലായത്.