ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും വെള്ളിയാഴ്‍ച ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ സൗഹൃദം സംബന്ധിച്ച് ഇരു രാഷ്‍ട്ര നേതാക്കളും ചര്‍ച്ച നടത്തും. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികവും യുഎഇ അതിന്റെ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആഘോഷിക്കുന്ന വര്‍ഷത്തിലാണ് ഇരു രാഷ്‍ട്ര നേതാക്കളുടെയും കൂടിക്കാഴ്ച. പരസ്‍പര സഹകരണത്തിനുള്ള കൂടുതല്‍ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക – അന്താരാഷ്‍ട്ര വിഷയങ്ങളും ഓണ്‍ലൈന്‍ കൂടിക്കാഴ്‍ചയില്‍ വിഷയമാവും. ശക്തമായ ഉഭയകക്ഷി ബന്ധമാണ് ഇപ്പോള്‍ ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാവുകയും തന്ത്രപരമായ പുതിയ സഹകരണ മേഖലകള്‍ തുറക്കുകയും ചെയ്‍തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവന വിശദീകരിക്കുന്നു.