ദില്ലി: ബിഹാറിൽ പാലങ്ങൾ തകരുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കുന്നതായി കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങൾ തകരാൻ തുടങ്ങിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഗയയിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു. എന്തുകൊണ്ടാണ് 15-30 ദിവസം മുമ്പ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം പാലങ്ങൾ തകരാൻ തുടങ്ങിയതിൽ സംശയമുണ്ട്. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ എന്തെങ്കിലും ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
അരാരിയ, സിവാൻ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച്, മധുബാനി ജില്ലകളിലെ അഞ്ച് പാലങ്ങളാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ബിഹാറിൽ തകർന്നത്. വെള്ളിയാഴ്ച ബീഹാറിലെ മധുബനിയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. 2021 മുതൽ ബീഹാർ സർക്കാരിൻ്റെ റൂറൽ വർക്ക്സ് ഡിപ്പാർട്ട്‌മെൻ്റാണ് 75 മീറ്റർ നീളമുള്ള പാല നിർമാണം തുടങ്ങിയത്. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തെറ്റ് ചെയ്ത കരാറുകാർക്കും എൻജിനീയർമാർക്കും പിഴ ചുമത്തുമെന്നും മന്ത്രി പറഞ്ഞു. കരാറുകാർ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത വസ്തുക്കളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നു. നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുന്നതിനാലാണ് പാലങ്ങൾ തകരുന്നത്.
അത്തരം കരാറുകാർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കും. അന്വേഷണം നടത്തിവരികയാണ്. ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കാനും അവരോട് അഭ്യർഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അടിക്കടിയുള്ള പാലം തകരുന്നതിനാൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ശനിയാഴ്ച നിതീഷ് കുമാർ സർക്കാരിനെ പരിഹസിച്ചു. ബീഹാറിലെ ഇരട്ട എൻജിൻ സർക്കാരിൻ്റെ ഇരട്ട ശക്തി കാരണം വെറും 9 ദിവസത്തിനുള്ളിൽ 5 പാലങ്ങൾ മാത്രമാണ് തകർന്നതെന്ന് തേജസ്വി പരിഹസിച്ചു.