കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി ലായിനി തന്നെയാണെന്ന് കണ്ടെത്തി. മറ്റു നിരോധിച്ച രാസ പദ്ധാര്‍ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇവയില്‍ കണ്ടെത്തിയില്ല. രണ്ടു സ്ഥാപനങ്ങളില്‍ കന്നാസുകളിലായി പ്രത്യേകം സൂക്ഷിച്ചിരുന്ന ദ്രാവകത്തിന്റെ രണ്ടു സാമ്പിളുകള്‍ ശേഖരിച്ച് അയച്ചിരുന്നു. ഇത് ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ആണെന്ന് കണ്ടെത്തി. ഇതിലും നിരോധിക്കപ്പെട്ട രാസ പദാര്‍ത്ഥങ്ങളുടെയോ മിനറല്‍ ആസിഡുകളുടെയോ സാന്നിധ്യം ഇല്ല. ബീച്ചിലെ തട്ടുകടയില്‍ നിന്ന് ആസിഡ് കുടിച്ച് വിദ്യാര്‍ത്ഥി അവശ നിലയിലായ സംഭവത്തെത്തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന.
ബീച്ചിലെ അഞ്ച് തട്ട് കടകളില്‍ നിന്നുളള സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട്ടെ തട്ടുകടകളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് രണ്ട് മാസം മുന്‍പേ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും കോര്‍പ്പറേഷന്‍ ആരോഗ്യ വകുപ്പ് അവഗണിച്ചതാണ് അപകട കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൈതച്ചക്കയുമെല്ലാം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദുരനുഭവം ഉണ്ടായതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടപെട്ടത്. പഴവര്‍ഗ്ഗങ്ങളിലും മറ്റും വേഗത്തില്‍ ഉപ്പു പിടിക്കാനായി തട്ടുകടയില്‍ സൂക്ഷിക്കാറുളള അസറ്റിക് ആസിഡ് കുടിച്ചതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.
കോഴിക്കോട് ബീച്ചിലടക്കം തട്ടുകടകളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് രണ്ട് മാസം മുന്‍പ് കമ്മീഷണര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന് നല്‍കിയിരുന്നു. ഉപ്പിലിട്ട പഴങ്ങളില്‍ പെട്ടെന്ന് സത്തു പിടിക്കാന്‍ ബാറ്ററി വാട്ടറും ഏറെനാള്‍ നില്‍ക്കാന്‍ അസറ്റിക് ആസിഡും ഉപയോഗിക്കുന്നതായും , മീനുകളില്‍ ഫോര്‍മാലിന്‍ ഉപയോഗം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ടായിരുന്നു , മിന്നല്‍ പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. വിദ്യാര്‍ത്ഥി ആസിഡ് കുടിച്ച് പൊള്ളലേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലും പരിശോധന നടത്താന്‍ നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് അധികൃതര്‍ പരിശോധന തുടങ്ങിയത്. അപ്പോഴേക്കും രാസവസ്തുക്കള്‍ കടകളില്‍ നിന്നും മാറ്റിയിരുന്നു എന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തതോടെയാണ് ബീച്ചില്‍ ഉപ്പിലിട്ടവയ്ക്കുളള ഡിമാന്റ് കൂടിയത്. സിന്തറ്റിക് വിനാഗിരിയോ പ്രകൃതിദത്ത വിനാഗിരിയോ ആണ് ഉപ്പിലിട്ട വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കേണ്ടത്. വിനാഗിരിയില്‍ ഉപ്പും വെള്ളവും ചേര്‍ത്താണ് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കുന്നത്. അസറ്റിക് ആസിഡ് വെള്ളമൊഴിച്ച് നേര്‍പ്പിച്ചാല്‍ വിനാഗിരി ആകില്ലെന്നും സിന്തറ്റിക് വിനാഗിരി തെരുവ് കച്ചവടക്കാര്‍ക്ക് ഉണ്ടാക്കാന്‍ കഴിയുന്നതല്ലെന്നും ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം,നേര്‍പ്പിക്കാത്ത വിനാഗിരി ശ്രദ്ധയോടെ ഉപയോഗിക്കേണ്ട വസ്തു ആണെന്നും കുട്ടികള്‍ക്ക് കയ്യെത്തുന്ന ഇടത്തില്‍ ഇത്തരം വസ്തുക്കള്‍ കൊണ്ടു വച്ചതാണ് വിനയായതെന്ന് കച്ചവടക്കാരും സമ്മതിക്കുന്നു.