ന്യൂഡൽഹി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ ഭരണഘടനയിലും ജനാധിപത്യ വ്യവസ്ഥിതിയിലും അചഞ്ചലമായ വിശ്വാസം ആവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാമൂഴം അധികാരമേറിയശേഷം ആകാശവാണിയിലെ തന്റെ ആദ്യ ‘മൻ കീ ബാതി’ൽ സംസാരിക്കുകയായിരുന്നു മോദി. 65 കോടി ജനങ്ങള്‍ വോട്ട് ചെയ്ത ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു ഇത്.
ജൂൺ 30ന് ആദിവാസി സഹോദരങ്ങൾ ‘ഹൂല്‍ ദിവസ്’ ആയി ആഘോഷിക്കുമ്പോൾ 1855ൽ വിദേശ ഭരണാധികാരികളെ ശക്തമായി ചെറുത്ത സിധു, കന്‍ഹു മുർമു എന്നീ സൻഥാൽ രക്തസാക്ഷികളെ മോദി അനുസ്മരിച്ചു. 1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് രണ്ടുവര്‍ഷം മുമ്പാണ് ഝാര്‍ഖണ്ഡിലെ സന്ഥാല് പ്രവിശ്യയിലെ സിധുവിന്റെയും കന്‍ഹുവിന്റെയും നേതൃത്വത്തിൽ ആദിവാസി സഹോദരങ്ങള്‍ വിദേശ ഭരണാധികാരികള്‍ക്കെതിരെ ആയുധമെടുത്തതെന്ന് മോദി പറഞ്ഞു.ഇരുവരും ഈ പോരാട്ടത്തില്‍ അത്ഭുതകരമായ ധീരത കാണിച്ച് രക്തസാക്ഷികളായി. ഝാര്‍ഖണ്ഡിന്റെ ഈ അനശ്വരപുത്രന്മാരുടെ ത്യാഗം ഇന്നും പ്രചോദിപ്പിക്കുന്നതാണെന്ന് മോദി പറഞ്ഞു.