തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ വ്യാഴാഴ്ചവരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍ അറിയിച്ചിരുന്നു. വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരദേശത്ത് ഒറ്റപ്പെട്ട ഇടത്തരം മഴയോ ശക്തമായ മഴയോ വ്യാഴം വരെ പ്രതീക്ഷിക്കാം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പവുമായി എത്തുന്ന ഈ കാറ്റ് തമിഴ്‌നാട് കടന്ന് കേരളത്തിലേക്ക് എത്തുന്നതും പടിഞ്ഞാറന്‍ കാറ്റുമായി സംഗമിക്കുന്നതും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം ലഭിച്ചതുപോലുള്ള മഴക്ക് ഇടയാക്കുമെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നീരിക്ഷണം. വ്യാഴാഴ്ച്ചക്ക് ശേഷം കേരളത്തിലും വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രതീക്ഷ.