റിയാദ് : കൊവിഡ് സാഹചര്യത്തിൽ താൽക്കാലികമായി സർവീസ് നിർത്തിവെച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ – കോഴിക്കോട് സർവീസുകൾ ഈ മാസം 21 മുതൽ പുനഃരാരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഈ സെക്ടറില്‍ സർവീസ് നടത്തുക. ഈ മാസം 21-ന് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കാണ് ആദ്യ സർവീസ്. രാവിലെ 8.40ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.45ന് ജിദ്ദയിലെത്തും. അന്നേ ദിവസം ഉച്ചക്ക് 1.45ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 9.55ന് കോഴിക്കോട്ടെത്തും. 165 യാത്രക്കാരെ ഉൾക്കൊള്ളുന്ന ചെറിയ വിമാനമായിരിക്കും സർവീസിനായി ഉപയോഗിക്കുക. എക്കണോമി ക്ലാസ് ടിക്കറ്റുകൾ മാത്രമാണുള്ളത്.
ജിദ്ദ – കോഴിക്കോട് റൂട്ടിൽ വളരെ കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 20, 30, 40 കിലോഗ്രാം ലഗേജുകൾക്ക് യഥാക്രമം 496 റിയാൽ, 546 റിയാൽ, 646 റിയാൽ എന്നിങ്ങനെയാണ് ജിദ്ദ – കോഴിക്കോട് വൺവേ ടിക്കറ്റ് നിരക്കുകൾ. എന്നാൽ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റ് നിരക്ക് 1,400 റിയാൽ മുതലാണ് ആരംഭിക്കുന്നത്.