ലഖ്‌നോ: ശ്രാവണ മാസത്തിലെ കൻവാർ യാത്രക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ മാംസ വിൽപന തടയാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൻവാർ യാത്ര നടക്കുന്ന വഴികളിൽ മാംസം വിൽക്കുന്നതും വാങ്ങുന്നതും തടയാനാണ് സർക്കാർ നീക്കം. ഉത്തർപ്രദേശിലെ വിവിധ ഉത്സവങ്ങൾ നടക്കുന്നതിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് സർക്കാർ തീരുമാനം.
നടക്കാനിരിക്കുന്ന ഉത്സവങ്ങളിലെ ക്രമസമാധാനവും ഭക്തരുടെ വിശ്വാസവും കണക്കിലെടുത്താണ് ഇത്തരം ഒരു തീരുമാനമെന്നും സർക്കാർ പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയതായും സർക്കാർ കൂട്ടിച്ചേർത്തു.
ജൂലൈ 22 മുതലാണ് ശ്രാവണ മാസം ആരംഭിക്കുന്നത്. ശ്രാവണി, ശിവരാത്രി, നാഗപഞ്ചമി, രക്ഷാബന്ധൻ എന്നിവ ഈ മാസം ആഘോഷിക്കും. പരമ്പരാഗത കൻവാർ യാത്രയും ഈ സമയത്താണ് നടക്കുക. ജൂലൈ ഏഴ് മുതൽ ഒമ്പത് വരെ ജഗന്നാഥ രഥയാത്രനടക്കും. ജൂലൈ 17 മുതൽ 18 വരെ മുഹറം ആഘോഷിക്കും. ജൂലൈ 21ന് ഗുരു പൂർണിമ ആഘോഷവും നടക്കും. ഈ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.