ന്യൂഡൽഹി: പാർലമെന്റിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ലോക്സഭയിൽ തന്നെ നിശ്ശബ്ദയാക്കാനാണ് കഴിഞ്ഞ തവണ ബി.ജെ.പി ശ്രമിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിലൂടെ സീറ്റുകൾ കുറച്ചുകൊണ്ട് ജനം അവരെ നിശ്ശബ്ദരാക്കി പകരം വീട്ടിയെന്നും മഹുവ പറഞ്ഞു.കഴിഞ്ഞ തവണ ഞാനിവിടെ വന്നപ്പോൾ എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ഭരണകക്ഷിയായ ബി.ജെ.പി വലിയ വില തന്നെ നൽകേണ്ടി വന്നു. എന്നെ നിശ്ശബ്ദയാക്കാനാണ് അവർ ശ്രമിച്ചത്. എന്നാൽ ജനം ബി.ജെ.പിയിലെ 63 എം.പിമാരെ എന്നന്നേക്കുമായി നിശ്ശബ്ദരാക്കി.-മഹുമ പറഞ്ഞു.
കേവലഭൂരിപക്ഷത്തിനായി സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്ന ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്നും മഹുവ ഓർമപ്പെടുത്തി. ബി.ജെ.പിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെ കുറിച്ചാണ് മഹുവ സൂചിപ്പിച്ചത്. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍നിന്നാണ് മഹുവ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പാർലമെന്റിലെ ചോദ്യക്കോഴ വിവാദത്തെ തുടർന്ന് 2023 ഡിസംബറിൽ മഹുവയെ പുറത്താക്കിയിരുന്നു. ചോദ്യം ചോദിക്കാനായി വ്യവസായിയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ കുറ്റക്കാരിയാണെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു പുറത്താക്കൽ.