തിരുവനന്തപുരം : 15–ാം കേരള നിയമസഭയുടെ 4–ാം സമ്മേളനത്തിനു നാളെ രാവിലെ 9 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. മാർച്ച് 23 ന് അവസാനിക്കുന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം ബജറ്റ് അവതരണമാണ്. മാർച്ച് 11 ന് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കും. 4 മാസത്തെ ചെലവുകൾക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി പിരിയുന്ന സഭ ഏപ്രിലിനു ശേഷം ചേരുന്ന അടുത്ത സമ്മേളനത്തിലാകും ബജറ്റ് പൂർണമായി പാസാക്കുക. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കു കാരണമാണു ബജറ്റ് പാസാക്കൽ നീട്ടിവയ്ക്കുന്നത്. അന്തരിച്ച സഭാംഗം പി.ടി.തോമസിന് 21 ന് സഭ ആദരാഞ്ജലി അർപ്പിക്കും. 22, 23, 24 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച.
തുടർന്ന് ഇടവേള. മാർച്ച് 14, 15, 16 തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച. 17ന് അന്തിമ ഉപധനാഭ്യർഥനകൾ പരിഗണിക്കും. വോട്ട് ഓൺ അക്കൗണ്ട് 22 നും ധനവിനിയോഗ ബില്ലുകൾ 21നും 23നും പരിഗണിക്കും. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയതലത്തിൽ വനിതാ സാമാജികരെ പങ്കെടുപ്പിച്ചു 2 ദിവസത്തെ ദേശീയ സമ്മേളനം ഏപ്രിലിൽ സംഘടിപ്പിക്കുമെന്നു സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യ സമരാനുഭവങ്ങൾ വിശദമാക്കുന്ന സമഗ്ര ഓഡിയോ–വിഡിയോ പ്രദർശനം, രാജ്യാന്തര പുസ്തകോത്സവം എന്നിവ സംഘടിപ്പിക്കും. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദിനം സമ്മേളിച്ചതു കേരള നിയമസഭയാണ്. ലോക്സഭ 60 ദിവസം സമ്മേളിച്ചപ്പോൾ കേരള നിയമസഭ 61 ദിവസം ചേർന്നു. യുപി നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11 ദിവസവുമാണു സമ്മേളിച്ചത്.