കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബേംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തലേ ദിവസം രാത്രി വിവാഹ വീട്ടിൽ വെച്ച് രണ്ട് തവണ തോട്ടട സംഘവും ഏച്ചൂർ സംഘവും തമ്മിൽ അടിപിടിയുണ്ടായി. തോട്ടട സംഘത്തിൽ പെട്ടവരാണ് ആദ്യം പ്രശ്നങ്ങൾ ഉണ്ടാക്കിയത്. തോട്ടട സംഘത്തിലുള്ളവർ പ്രതികളിലൊരാളായ അക്ഷയെ മർദ്ദിച്ചു. പിന്നാലെ നാട്ടുകാരനായ റിജോയിയെ അക്ഷയ് മർദ്ദിച്ചു. തുടർന്ന് പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടു കൂട്ടരും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. തന്റെ കയ്യിലുള്ള താക്കോൽ ഉപയോഗിച്ച് ഒരു നാട്ടുകാരനെ മറ്റൊരു പ്രതിയ മിഥുൻ കുത്തി. ഇത് വീണ്ടും സംഘർഷത്തിൽ കലാശിച്ചു. അടുത്ത ദിവസം വീണ്ടും അക്രമം ഉണ്ടാകുമെന്ന് കരുതിയാണ് മിഥുൻ ബോംബ് നിർമിച്ചതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് കണ്ണൂരിലെ പടക്ക കച്ചവടക്കാരനിൽ നിന്നാണ്. നേരത്തെ രണ്ട് കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശിയാണ് സ്ഫോടക വസ്തുക്കൾ ഇവർക്ക് നൽകിയതെന്ന് സംശയം. ഇയാർക്കായി പോലീസ് അന്വേഷണം തുടങ്ങി. തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചാണെന്നാണ് പോലീസ് പറയുന്നത്. ബോംബ് ആക്രമണം സംഘർഷമായാൽ തിരിച്ചടിക്കാൻ വടിവാളും ഇവർ കയ്യിൽ കരുതി. ഏച്ചൂരിൽ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് വടിവാളുമായിട്ടാണെന്നും പോലീസ് പറയുന്നു. അതേ സമയം, സംഭവത്തിൽ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കടമ്പൂർ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. സനാദിന് വാൾ നൽകിയത് അരുണാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.