തിരുവനന്തപുരം: കോഴിക്കോട് കല്ലായ് പുഴയിൽ കടുപ്പിനി മുതൽ കോതി വരെയുള്ള 4.20 കി.മി. ദൂരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിന് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ 7.90 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുന്നതിനായുള്ള പ്രവർത്തിക്ക് തുടർന്ന് സാങ്കേതികാനുമതി നൽകി. കോഴിക്കോട് നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ മുഖാന്തരം ടെണ്ടർ ക്ഷണിച്ചു.
ആദ്യതവണ ടെണ്ടറിൽ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് റീ ടെണ്ടർ ചെയ്യുകയും ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത (എസ്റ്റിമേറ്റിനേക്കാൾ 34.39 ശതമാനം അധികനിരക്ക്) ടെണ്ടർ അംഗീകരിക്കുന്നതിനായി വീണ്ടും റീ ടെണ്ടർ ചെയ്യുന്നതിന് സർക്കാർ ഉത്തരവിട്ടു. തുടർന്ന് ചെയ്ത മൂന്ന്, നാല് ടെണ്ടറുകളിൽ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് അഞ്ചാം തവണ ടെണ്ടർ ചെയ്യുകയും ഈ കരാറുകാരൻ 217.11 ശതമാനം അധിക നിരക്ക് ക്വാട്ട് ചെയ്തതിനെ തുടർന്ന് ടെണ്ടർ നിരസിച്ചു.
നിലവിൽ 2024 ജനുവരി മാസം ആറാം തവണ ടെണ്ടർ ക്ഷണിക്കുകയും ഏറ്റവും കുറവ് ക്വാട്ട് ചെയ്ത (എസ്റ്റിമേറ്റിനേക്കാൾ 56 ശതമാനം അധിക നിരക്ക്) ടെണ്ടർ അംഗീകരിക്കുന്നതിനായി ലഭിച്ചു. അധികമായി വേണ്ടി വരുന്ന 5.08 കോടി രൂപക്ക് കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നും അംഗീകാരം ലഭിക്കുന്ന മുറക്ക് ടെണ്ടർ അംഗീകരിക്കുന്ന വിഷയം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ രേഖാമൂലം മന്ത്രി മറുപടി നൽകി.