ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പോലെ സഭയില്‍ പെരുമാറരുതെന്ന് എന്‍.ഡി.എ എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. ചൊവ്വാഴ്ച ചേര്‍ന്ന എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. പാര്‍ലമെന്റ് ചട്ടം പാലിക്കണമെന്ന് പ്രധാനമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ ബി.ജെ.പിയെ രാഹുല്‍ കടന്നാക്രമിച്ചിരുന്നു.
ഹിന്ദുക്കളെന്ന് നടിക്കുന്ന ചിലര്‍ സദാസമയവും അക്രമവും ഹിംസയും നടത്തുന്നുവെന്ന പരാമര്‍ശത്തിനെതിരെ ബി.ജെ.പി പ്രതിഷേധമുയര്‍ത്തുകയും പിന്നീട് ഇത് സഭാരേഖകളില്‍നിന്ന് നീക്കുകയും ചെയ്തു. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായെന്ന നാഴികക്കല്ല് ഒരു ചായ വില്‍പ്പനക്കാരന്‍ നേടിയതോടെ ചിലര്‍ അസ്വസ്ഥരാണെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.
പാര്‍ലമെന്റിലെത്തിയ പ്രധാനമന്ത്രി ഇന്ന് പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് നേടിയത് 543ല്‍ 99 സീറ്റാണെന്നും 100ല്‍ 99 അല്ലെന്നും മോദി പരിഹസിച്ചു. പത്തുവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വീണ്ടും എന്‍.ഡി.എ അധികാരത്തിലെത്തിയതെന്നും ഇക്കാലത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചെന്നും മോദി അവകാശപ്പെട്ടു.