രണ്ട് ദിവസമായി പ്രക്ഷുബ്ധമാണ് ലോക്സഭ. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ കേന്ദ്ര സർക്കാറിനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്നലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഭരണപക്ഷത്തെ നിർത്തിപ്പൊരിക്കുന്നതായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇന്ന്, പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രിയും രംഗത്തെത്തി.
ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. താൻ പ്രസംഗിക്കുമ്പോൾ മാത്രം മൈക്ക് ഓഫാക്കുന്നത് ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. സ്പീക്കർ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തനിക്ക് നിവർന്നുനിന്ന് കൈനീട്ടിയ ഓം ബിർള മോദിക്ക് കൈ കൊടുക്കുമ്പോൾ കുനിഞ്ഞത് കൂടി പറഞ്ഞ് ഇരുവരെയും ഒരുപോലെ പ്രതിരോധത്തിലാക്കി.
രാഹുലിന്‍റെ ഏതാനും പരാമർശങ്ങൾ സ്പീക്കർ സഭാരേഖകളിൽ നിന്ന് നീക്കുകയും ചെയ്തു. ഹിന്ദുക്കളുടെ പേരിൽ അക്രമം നടക്കുന്നുവെന്ന പരാമർശവും ആർ.എസ്.എസിനെതിരായ പരാമർശവുമാണ് സഭാ രേഖകളിൽ നിന്ന് നീക്കിയത്. സ്പീക്കറുടെ നടപടിയെ രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തു. സത്യത്തെ നീക്കാൻ കഴിയില്ലെന്നാണ് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.
മോദിയുടെ പ്രസംഗം കേട്ട് ആസ്വദിച്ച് ചിരിക്കുന്ന സ്പീക്കർ ഓം ബിർളയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ. ‘മോദി തമാശ പൊട്ടിക്കുമ്പോൾ സ്പീക്കറുടെ മുഖത്തെ ഭാവങ്ങൾ ഒന്ന് കാണൂ’ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ. പ്രതിപക്ഷത്തോട് സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്ന് ആരോപണമുയരുന്ന പശ്ചാത്തലത്തിലാണ് സുബൈറിന്‍റെ പോസ്റ്റ്.