കൊച്ചി: മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹരജിയിൽ സർക്കാറിനെ കക്ഷി ചേർക്കാൻ ഹൈകോടതി നിർദേശം. ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പ്രതിഫലം നൽകിയെന്ന സെറ്റിൽമെൻന്റ് ബോർഡ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ ഹരജിയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ പരിഗണനയിലുള്ളത്.
വിജിലൻസ് കോടതിയിലെ പരാതിയിൽ സർക്കാറിനെ കക്ഷിചേർത്ത ഹരജിക്കാരൻ, ഹൈകോടതിയിൽ സർക്കാറിനെ കക്ഷിയാക്കിയിരുന്നില്ലെന്നും കോടതി നിർദേശിച്ചതിനാലാണ് വിശദീകരണം നൽകിയതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ഇതേതുടർന്നാണ് സർക്കാറിനെ കക്ഷിചേർക്കാൻ നിർദേശിച്ചത്.
വ്യാഴാഴ്ച വാദം തുടരാൻ ഹരജി മാറ്റി. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് എന്ന കമ്പനിക്ക് ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ പ്രതിഫലം നൽകിയത് അഴിമതി വിരുദ്ധനിയമത്തിന്റെ പരിധിയിൽ വരുമെന്നും വിജിലൻസ് അന്വേഷണം അനിവാര്യമാണെന്നും ഹരജിക്കാരൻ വാദിച്ചു. ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.