തിരുവനന്തപുരം : വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെക്കുറിച്ച് ചെയർമാൻ ഡോ. ബി. അശോക് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഊർജവകുപ്പ് സെക്രട്ടറി രാജേഷ്കുമാർ സിൻഹയെ മന്ത്രി കെ. കൃഷ്ണൻകുട്ടി ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ചെയർമാൻ വെളിപ്പെടുത്തിയ കാര്യങ്ങളും ഇടതുസംഘടനകളുടെ ആരോപണങ്ങളും അന്വേഷിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ബോർഡിലെ ഇടതുസംഘടനകളുടെ സമരം ഒത്തുതീർക്കാൻ വ്യാഴാഴ്ച എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എന്നിവരുമായി മന്ത്രി ചർച്ചനടത്തും.
വ്യാഴാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ചർച്ച. ആവശ്യമെങ്കിൽ സംഘടനാപ്രതിനിധികളുമായും മന്ത്രി ചർച്ചചെയ്യും. സമരം പ്രഖ്യാപിച്ച നേതാക്കൾക്ക് മറുപടിയെന്നോണം ബോർഡിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സാമൂഹിക മാധ്യമക്കുറിപ്പിൽ ചെയർമാൻ വെളിപ്പെടുത്തിയത് ഇടതുമുന്നണിയിൽത്തന്നെ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആരുടെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും ഇടതുസംഘടനകൾ ഇടപെട്ട് നടത്തിയ ഭരണപരമായ നടപടികളെയാണ് വിമർശിച്ചത്. സി.ഐ.ടി.യു.വും എ.ഐ.ടി.യു.സി.യും നേതൃത്വം നൽകുന്ന സംഘടനകളും ചെയർമാനും തമ്മിലുള്ള പോര് മൂർച്ഛിച്ച് സമരത്തിലെത്തിയത് മുന്നണിനേതൃത്വത്തിന് തലവേദനയായി. സി.പി.എം., സി.പി.ഐ. നേതൃത്വവും സംഘടനകൾക്കൊപ്പമാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടി ജനതാദൾ (എസ്) പ്രതിനിധിയാണ്.
വൈദ്യുതിഭവനിൽ വ്യവസായസുരക്ഷാസേനയെ നിയോഗിച്ചത് പിൻവലിക്കണമെന്നാണ് ഇടതുസംഘടനകളുടെ പ്രധാന ആവശ്യം. അവിടെ യൂണിയൻ പ്രവർത്തകരെ പ്രവേശിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുനൽകിയാണ് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ചെയർമാനെ മാറ്റണമെന്നും സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻമന്ത്രി എം.എം. മണിയെയും കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിനെയുംപറ്റി നേരിട്ടൊന്നും പറഞ്ഞില്ലെങ്കിലും അശോക് വെളിപ്പെടുത്തിയ സംഭവങ്ങളെല്ലാം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതാണ്. അതിനാൽ മണിയും പ്രതിരോധത്തിലായി. ബോർഡിന്റെ ഭൂമികൈമാറ്റത്തിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ടെൻഡർ വിശദാംശങ്ങൾവരെ കരാറുകാർക്ക് മുൻകൂട്ടി ചോർത്തിനൽകുന്നുവെന്നുമാണ് ചെയർമാൻ വെളിപ്പെടുത്തിയത്.മുൻ യു.ഡി.എഫ്. സർക്കാരിൽ മന്ത്രി ആര്യാടൻ മുഹമ്മദിന്റെകാലത്തെ ക്രമവിരുദ്ധ വൈദ്യുതിവാങ്ങൽ കരാറുകളെപ്പറ്റിയുള്ള ചർച്ചകളും വീണ്ടും ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിനെതിരേ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണം എങ്ങുമെത്തിയില്ല.