ഷൊർണൂർ: ഷൊർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയിൽ ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈൽ ഇഖ്ബാൽ ചൗധരിയാണ് പൊലീസിന്റെ പിടിയിലായത്. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയിൽ വെച്ചായിരുന്നു സംഭവം. ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചു. പിന്നീട് പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറി.തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്. ഇയാൾ കേസലെ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.