മുംബൈ : ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) അടുത്തുകഴിഞ്ഞാൽ രാജ്യാന്തര ക്രിക്കറ്റിൽ ഉഴപ്പുന്ന പ്രവണത ചില താരങ്ങൾക്കുണ്ടെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ നായകൻ കൂടിയായ സുനിൽ ഗാവസ്കർ രംഗത്ത്. നിലവിലെ സാഹചര്യത്തിൽ ഐപിഎൽ എന്നത് കരിയർ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള ടൂർണമെന്റ് ആയതിനാൽ, പരുക്കേൽക്കാതെ ഐപിഎലിനായി സുസജ്ജരായിരിക്കാനാണ് താരങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. ഐപിഎലിൽ നിന്നു ലഭിക്കുന്ന പണം താരങ്ങൾക്ക് വല്ലാത്ത സുരക്ഷിതത്വബോധം നൽകുന്നുണ്ടെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ഐപിഎൽ സീസൺ മാർച്ച് അവസാന വാരം തുടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗാവസ്കറിന്റെ പരാമർശമെന്നത് ശ്രദ്ധേയം. കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തവണ മുംബൈയിൽ മാത്രമായി ഐപിഎൽ സംഘടിപ്പിക്കാനാണ് ബിസിസിഐ നീക്കം.
രാജ്യാന്തര ക്രിക്കറ്റ് പരമ്പരകളേക്കാൾ പ്രാധാന്യം ഐപിഎൽ താരലേലത്തിനു ലഭിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ചയെന്നും ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ എഴുതിയ ലേഖനത്തിൽ ഗാവസ്കർ കുറിച്ചു. അടുത്തിടെ സമാപിച്ച ഇന്ത്യ–വെസ്റ്റിൻഡീസ് ഏകദിന പരമ്പരയേക്കാൾ ജനപ്രീതി നേടാൻ രണ്ടു ദിവസത്തെ ഐപിഎൽ മെഗാ താരലേലത്തിനു സാധിച്ചതായി ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘സ്വന്തം ഭാവിയും കുടുംബത്തിന്റെ ഭാവിയും സുരക്ഷിതമാക്കുന്നതിനാൽ താരങ്ങളെ സംബന്ധിച്ച് ഐപിഎൽ എന്നാൽ കരിയർ മാറ്റിമറിക്കുന്ന ടൂർണമെന്റാണ്. ഐപിഎൽ അടുക്കുന്തോറും ദേശീയ ടീമിനായുള്ള അധ്വാനത്തിൽനിന്ന് താരങ്ങൾ പിന്നാക്കം പോകുന്നുണ്ട്. അതാണ് വസ്തുത’ – ഗാവസ്കർ പറഞ്ഞു.
‘പരുക്കൊന്നും കൂടാതെ ഐപിഎലിൽ സുസജ്ജരായി പങ്കെടുക്കുന്നതിനാണ് താരങ്ങൾ ഇത്തരത്തിൽ അമിത ശ്രദ്ധ നൽകുന്നത്. ഐപിഎൽ കരാറുകൾ നൽകുന്ന സുരക്ഷിതത്വം അവരെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ഐപിഎൽ അടുത്തുകഴിഞ്ഞാൽ ദേശീയ ടീമിനായി കളിക്കുമ്പോൾ ഡൈവിങ്ങും സ്ലൈഡിങ്ങുമെല്ലാം സ്വാഭാവികമായി കുറയും. ഡീപ്പിൽനിന്നുള്ള അപകടകരമായ ത്രോകൾക്കും താരങ്ങൾ മുതിരില്ല. പരുക്കേറ്റാൽ ഐപിഎൽ നഷ്ടമാകും എന്നതുതന്നെ കാരണം’ – ഗാവസ്കർ എഴുതി. ഐപിഎൽ താരലേലത്തിൽ തഴയപ്പെട്ട താരങ്ങൾക്ക് ഇനിയും ടൂർണമെന്റിന്റെ ഭാഗമാകാൻ അവസരമുണ്ടെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും ടീമിലെ താരങ്ങൾക്ക് പരുക്കേറ്റാൽ പകരം താരങ്ങളെ തിരയുമ്പോൾ ലേലത്തിൽ അവസരം ലഭിക്കാതെ പോയ നിർഭാഗ്യവാൻമാർക്കായി അവസരത്തിന്റെ വാതിൽ തുറക്കുമെന്ന് ഗാവസ്കർ അഭിപ്രായപ്പെട്ടു.