ആലപ്പുഴ: ശ്രീകല കൊലക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.അതേസമയം, കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. കൊലപാതകം നടത്തിയത് ആയുധം ഉപയോഗിച്ചാണോ എന്ന് സംശയമുള്ളതായി കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറയുന്നു.
15 വർഷം മുമ്പ് കാണാതായ ശ്രീകലയെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നു പേർ അറസ്റ്റിലായത്. ചെന്നിത്തല-തൃപ്പെരുന്തുറ ഇരമത്തൂർ ജിനുഭവനം ജിനു (48), ഇരമത്തൂർ കണ്ണമ്പള്ളിൽ സോമരാജൻ (56), ഇരമത്തൂർ കണ്ണമ്പള്ളിൽ പ്രമോദ് (40) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്രീകല എന്ന കലയെ ഭർത്താവ് അനിൽകുമാർ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. അനിലിന്റെ സുഹൃത്തുക്കളാണ് അറസ്റ്റിലായ ജിനു, സോമരാജൻ, പ്രമോദ് എന്നിവർ. കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
2009ലായിരുന്നു സംഭവം. പെരുമ്പുഴ പാലത്തിൽവെച്ച് അനിലും മറ്റ് പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. പ്രതികൾ എങ്ങനെയാണ് കലയെ കൊന്നതെന്നും എവിടെയാണ് കുഴിച്ചുമൂടിയതെന്ന് അടക്കമുള്ള കാര്യങ്ങൾ എഫ്.ഐ.ആറിൽ പറയുന്നില്ല.