പത്തനംതിട്ട: ഓഫിസിനുള്ളിൽ റീൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി നൽകിയ നോട്ടീസിൽ വിശദീകരണം നൽകി തിരുവല്ല നഗരസഭയിലെ ജീവനക്കാര്‍. ഞായറാഴ്ചയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയ മറുപടി.
നഗരസഭാ സെക്രട്ടറി അവധിയായതിനാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിശദീകരണം നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ കേരള സിവില്‍ സര്‍വിസ് ചട്ടം അനുസരിച്ചും മുനിസിപ്പല്‍ ആക്ട് പ്രകാരവും ശിക്ഷാനടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറഞ്ഞിരുന്നു. വിശദീകരണത്തിലെ മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മറുപടി കണ്ടിട്ടില്ലെന്നും പരിശോധിച്ച ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ ആലോചിക്കുമെന്നും അവധിയിലുള്ള നഗരസഭാ സെക്രട്ടറി അറിയിച്ചു.
നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കമുള്ള ജീവനക്കാർക്കാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഞായറാഴ്ച തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽ ചിത്രീകരിച്ചത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.