കാസർകോട് : ജില്ലയിലെ എൻഡോ സൾഫാൻദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെൽ പുനസംഘടിപ്പിച്ചപ്പോൾ എംഎൽഎ പുറത്ത്. കാസർകോട് എം എൽ എ ,എൻ.എ. നെല്ലിക്കുന്നിനെയാണ് സെല്ലിൽ ഉൾപ്പെടുത്താതിരുന്നത്. എൻ.എ.നെല്ലിക്കുന്ന് ഒഴികെ ജില്ലയിലെ മറ്റെല്ലാ എം എൽ എമാരേയും സെല്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രവർത്തിക്കുന്ന സംഘടനാ പ്രതിനിധികളേയും സെല്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 49 അംഗ പട്ടികയാണ് സാമൂഹ്യ നീതി വകുപ്പ് പ്രസിദ്ധീകരിച്ചത്. എൻഡോ സൾഫാൻ ദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അവലോകനം ചെയ്യാനുമുള്ള സെല്ലിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ രംഗത്തെത്തി. തന്നെ എൻഡോസൾഫാൻ സെല്ലിൽ ഉൾപ്പെടുത്താത്തത് പ്രതികാര നടപടിയെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി നിയമസഭയ്ക്ക് അകത്തും പുറത്തും ഏറെ ഇടപെടൽ നടത്തിയ ആളാണ് താൻ. എന്നിട്ടും തന്നെ ഒഴിവാക്കി. സർക്കാർ തീരുമാനങ്ങൾ വിമർശിച്ചാൽ അവസ്ഥ ഇതായിരിക്കുമെന്ന സൂചനയാണിത്. സെല്ലിൽ നിന്ന് ഒഴിവാക്കിയതിന് കാരണം സർക്കാർ വ്യക്തമാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് കാസർകോഡ് ജില്ലയിൽ ക്യാമ്പ് നടത്തിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതയാണെന്നതിന് കുട്ടികൾക്ക് അടക്കം പലർക്കും സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ചികിത്സയില്‍ അടക്കം വീഴ്ച്ചയുണ്ടായെന്നാണ് എൻഡോസൾഫാൻ സമരസമിതിയുടെ ആരോപണം. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിൽസക്ക് പോലും ജില്ലയിൽ സൗകര്യമില്ല. വിദഗ്ധ ചികിൽസക്ക് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയാണ് ജില്ലയ്ക്ക് ആശ്രയം. ജില്ലയോടുള്ള അവഗണനയിൽ പ്രതിഷേധം ഇരമ്പുകയാണ്. ഈമാസം 2ാം തിയതി മരിച്ച എൻഡോസൾഫാൻ ദുരിത ബാധിതയായിരുന്ന ഒന്നരവയസുകാരി അർഷിതയുടെ മൃതദേഹവുമായി സമരസമിതി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മുളിയാറില്‍ 2020 ല്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം എങ്ങുമെത്തിയില്ലെന്ന പരാതിയും ശക്തമായി. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഒരു നിര്‍മ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല. സമരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍. മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിനായി വകയിരുത്തിയത്. 2020 ജുലൈ നാലിന് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ തറക്കല്ലിട്ടു. 10 മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നുമുണ്ടായില്ല. പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ.
കെയര്‍ഹോം, ലൈബ്രറി, ഫിസിയോ തെറാപ്പി മുറികള്‍, റിക്രിയേഷന്‍ റൂമുകള്‍, ക്ലാസ് മുറികള്‍, സ്കില്‍ ഡെലവപ്മെന്‍റ് സെന്‍ററുകള്‍, പരിശോധനാ മുറികള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 58 കോടി രൂപയുടെ പദ്ധതില്‍ ഉറപ്പ് നല‍്കിയത് ദുരിത ബാധിതകര്‍ക്ക് സംരക്ഷണം, ശാസ്ത്രീയ പരിചരണം, പുനരധിവാസം എന്നിവയായിരുന്നു. ആദ്യഘട്ടത്തിനായി അഞ്ചുകോടി രൂപ കാസര്‍കോട് പാക്കേജില്‍ നിന്ന് അനുവദിക്കുകയും നിര്‍മ്മാണം ഊരാളുങ്കലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇങ്ങനെ തരിശായി കിടക്കുന്നത്.