കാസർകോട്: കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച്, തൊട്ടടുത്ത സ്കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ലിറ്റിൽ ഫ്ലവർ സ്കൂളിലെ 38 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ വൈദ്യുതി പോയപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കുകയും തുടർന്ന് പുക ഉയരുകയുമായിരുന്നു. ആശുപത്രിയുടെ തൊട്ടുപിന്നിലായുള്ള സ്കൂൾ കെട്ടിടത്തിലേക്കും പുക പടർന്നു. ഇതോടെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. രാവിലെ ക്ലാസ് തുടങ്ങിയതിനു പിന്നാലെ കുട്ടികൾക്ക് ബുദ്ധിമുട്ട് നേരിട്ടതായി സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചു. ക്ലാസ്മുറികളിലേക്ക് പുക വന്നിരുന്നുവെന്നും നിലവിൽ കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. പുകകുഴലില്ലാതെ ജനറേറ്റർ പ്രവർത്തിപ്പിച്ചതാണ് പരിസര പ്രദേശങ്ങളിലേക്ക് പുക പടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം. തഹസിൽദാർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരടക്കം എത്തി വിശദമായ പരിശോധന നടത്തും.