ന്യൂഡൽഹി: വിവിധ പദ്ധതികളിലെ സഹകരണം ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ എട്ട്, ഒമ്പത് തീയതികളിൽ റഷ്യ സന്ദർശിക്കും. പ്രധാനമന്ത്രിയായി മൂന്നാംതവണ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വിദേശ യാത്രയാണിത്. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായാണ് മോദി റഷ്യയിൽ ദ്വിദിന സന്ദർശനം നടത്തുന്നത്. 2019ൽ വ്ളാഡിവോസ്റ്റോക്കിൽ നടന്ന ഇക്കണോമിക് കോൺക്ലേവിന് ശേഷം ആദ്യമായാണ് മോദി റഷ്യ സന്ദർശിക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ സന്ദർശനമെന്ന നിലയിൽ പ്രത്യേക രാഷ്ട്രീയ പ്രാധാന്യമുണ്ട്.
നിർണായക വിഷയങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുന്ന വാർഷിക ഉച്ചകോടി ഒടുവിൽ നടന്നത് 2021 ഡിസംബറിലാണ്. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ സന്ദർശന വേളയിൽ ഡൽഹിയിൽവച്ചായിരുന്നു കൂടിക്കാഴ്ച. തൊട്ടടുത്ത വർഷം ഉസ്ബെക്കിസ്താനിൽനടന്ന ഷാങ്ഹായ് കോഓപറേഷൻ ഉച്ചകോടിയിലും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തി. യുക്രെയ്ൻ യുദ്ധത്തിനിടെ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായും മോദി പലതവണ ടെലഫോൺ സംഭാഷണം നടത്തിയിരുന്നു.
റഷ്യയിൽനിന്ന് ഒമ്പതിന് മോദി ഓസ്ട്രിയയിലെത്തും. 41 വർഷത്തിനിടെ ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെൻ, ചാൻസലർ കാൾ നെഹാമ്മെർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയിൽനിന്നും ഓസ്ട്രിയയിൽനിന്നുമുള്ള വ്യവസായികളുടെ യോഗത്തെ മോദിയും കാൾ നെഹാമ്മെറും അഭിസംബോധന ചെയ്യും. മോസ്കോയിലെയും വിയന്നയിലെയും ഇന്ത്യൻ സമൂഹത്തോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.