തൃശൂർ : ഹരിപ്പാട് കൊലപാതകത്തിന് പിന്നിൽ സി പി എം പ്രവർത്തകർ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊലപാതകത്തിൽ പിടിയിലായവരെല്ലാം സി പി എം പ്രവർത്തകർ ആണ്. ഹരിപ്പാട് കൊലപാതകം രാഷ്ട്രീയ കൊലപാതമാണോയെന്ന് പോലീസ് അന്വേഷിക്കട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയയും ക്വട്ടേഷൻ സംഘവും അഴിഞ്ഞാടുകയാണ്. ഇത് തടയുന്നതിൽ പോലീസ് പരാജയം ആണ്. ലഹരി മാഫിയ സംഘങ്ങളെല്ലാം അറിയപ്പെടുന്ന സി പി എം പ്രവർത്തകർ ആണ്. സംസ്ഥാനത്തെ ക്രമസമാധാനനില സമ്പൂർണമായും തകർന്നു. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണ്. ഇത്രയും പ്രശ്നങ്ങൾ സംസ്ഥാനത്ത് നടക്കുമ്പോഴും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ്.
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിൽ എന്താണ് തെറ്റെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു. ക്രമസമാധാന പാലനത്തിൽ ഉത്തർ പ്രദേശിനെ അപേക്ഷിച്ച് കേരളം എത്രയോ പിറകിൽ ആണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ ആണ് ശരത് മരിച്ചത്. ഏഴ് അംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് പറഞ്ഞു. നാല് പേർ കസ്റ്റഡിയിൽ ഉണ്ട്.
മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കസ്റ്റഡിയിൽ ഉള്ളത് ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നുണ്ട്. ഇപ്പോൾ വിവാദത്തിലായ കെ എസ് ഇ ബി ഇടപാടുകളിലും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. കെ എസ് ഇ ബിയിൽ നടന്നത് ശതകോടിയുടെ കൊള്ളയെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണം. സി പി എമ്മോ മുഖ്യമന്ത്രി പിണറായി വിജയനോ ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ മൻമോഹൻ സിംഗിന് പഠിക്കുകയാണോയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ചോദിച്ചു.
മുൻ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരൻ കേരളത്തിൽ വേറെയില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ലാലു പ്രസാദ് യാദവിൻ്റെ കേരള പതിപ്പാണ് എം എം മണി. കെ എസ് ഇ ബി അഴിമതി വിവരങ്ങൾ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിൽ പട്ടികജാതി പട്ടിക വിഭാഗത്തിന് ശമ്പളം ലഭിക്കാത്ത വിഷയത്തിലും കെ സുരേന്ദ്രൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് പ്രൊപ്പോസൽ നൽകേണ്ടത് ആണ്. കാലാവധി തീരൂന്ന മുറയ്ക്ക് പ്രൊപ്പോസൽ നൽകേണ്ട സംസ്ഥാന സർക്കാർ അത് കൃത്യമായി ചെയ്തിട്ടില്ല. എന്നാണ് കേരളം പ്രൊപ്പോസൽ അവതരിപ്പിച്ചത്? അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ഇതിൻ്റെ രേഖകൾ പുറത്തു വിടാൻ സംസ്ഥാനം തയാറാകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.