തൃശ്ശൂർ : പി. വെമ്പല്ലൂരിൽ മകനെയും അമ്മയെയും മർദിച്ച കേസിൽ നാലുപേരെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പി. വെമ്പല്ലൂർ സ്വദേശി പനപ്പറമ്പിൽ സുമേഷ് (25), കൂളിമുട്ടം സ്വദേശികളായ തുമ്പരപ്പുള്ളി വീട്ടിൽ അക്ഷയ് (25), കുടിലിങ്ങൽ വീട്ടിൽ അനന്ത് (21), കുടിലിങ്ങൽ വീട്ടിൽ അമൽ (19) എന്നിവരെയാണ് മതിലകം എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശി കളത്തിൽ വീട്ടിൽ ശ്യാം കൃഷ്ണനും അമ്മ ഗീതക്കും മർദനമേറ്റത്. വീട്ടിൽനിന്ന് ബൈക്കിൽ പുറത്തേക്ക് പോകുന്നതിനിടയിൽ ബൈക്കിൽനിന്ന് ചവിട്ടിവീഴ്ത്തി മർദിക്കുകയായിരുന്നു. മകനെ മർദിക്കുന്നതുകണ്ട് തടയാനെത്തിയ അമ്മയെയും സംഘം മർദിച്ചു. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തിൽ ശ്യാം കൃഷ്ണന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
മൂന്നുമാസം മുമ്പ് സുഹൃത്തിന്റെ വിവാഹവാർഷിക ചടങ്ങിൽവെച്ച് ശ്യാം കൃഷ്ണനും പ്രതികളിലൊരാളും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഇതേത്തുടർന്നുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐ. തോമസ്, സീനിയർ സി.പി.ഒ. ഷിഹാബ്, സി.പി.ഒ. റഹീം എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.