ഹൈദരാബാദ്: സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്താനായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിലുള്ള തർക്കം പരിഹരിക്കാനായി രണ്ട് സമിതികളെ നിയോഗിക്കാൻ യോഗത്തിൽ തീരുമാനമായി. ആദ്യത്തേതിൽ ഇരു സംസ്ഥാനത്തെയും മന്ത്രിമാരും രണ്ടാമത്തേതിൽ ഉദ്യോഗസ്ഥരുമാകും അംഗങ്ങളാവുക. തെലങ്കാന മുഖ്യമന്ത്രിയുടെ ഒദ്യോഗിക വസതിയായ ജ്യോതിബ ഫൂലെ പ്രജാഭവനിലായിരുന്നു കൂടിക്കാഴ്ച.
2014ലാണ് അവിഭക്ത ആന്ധ്രപ്രദേശിനെ രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളായി വേർതിരിച്ചത്. സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ ഒമ്പത്, പത്ത് പട്ടികകളിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന തർക്കമുണ്ടായിരുന്നത്. ഒന്നേ മുക്കാൽ മണിക്കൂറോളം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ബാധ്യതകൾ, വിഭജനത്തിനു മുൻപ് നിർമിക്കപ്പെട്ട 15 ജലസേചന പദ്ധതികൾ, രണ്ട് സംസ്ഥാനങ്ങളിലെയും ജീവനക്കാരുടെ നിയമനം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു.
നാല് വർഷത്തിനിടെ ആദ്യമായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. രണ്ടിടത്തേയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. നേരത്തെ തെലുഗുദേശം പാർട്ടിയിൽ നായിഡുവിന്‍റെ അടുത്ത അനുയായി പ്രവർത്തിച്ചിട്ടുള്ള ആളാണ് രേവന്ത് റെഡ്ഡി. ഈ മാസമാദ്യം കൂടിക്കാഴ്ചക്ക് താൽപര്യമുണ്ടെന്ന് നായിഡു രേവന്ത് റെഡ്ഡിയെ അറിയിക്കുകയായിരുന്നു.
വിഭജനത്തിന് പത്ത് വർഷം പിന്നിട്ടതോടെ ഹൈദരാബാദ് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമെന്ന വ്യവസ്ഥ ജൂണിൽ അസാധുവായിരുന്നു. അമരാവതിയെ ആന്ധ്രയുടെ പുതിയ തലസ്ഥാനമാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.