ലോകത്തിൽ മനുഷ്യർക്ക് പല തരത്തിലുള്ള അഡിക്ഷനും ഉണ്ടാവും. മദ്യപാനത്തിനും പുകവലിക്കും ഒക്കെ അടിമകളാകുന്ന മനുഷ്യരുണ്ട്. എന്നാൽ, ഈ യുവതിയുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. നമുക്ക് ചിന്തിക്കാൻ പോലും പ്രയാസം തോന്നുന്ന തരത്തിലുള്ള ഒരു കാര്യത്തിന് അടിമയാണ് ഒൻ്റാറിയോയിലെ വെലാൻഡിൽ നിന്നുള്ള ഷാനൻ എന്ന യുവതി. പെട്രോൾ കുടിക്കുന്നതിനാണ് അവൾ അടിമയായിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ ഉണർന്നാൽ അവൾ ചെയ്യുന്നത് ബാത്ത്‍റൂമിൽ ഒരു കന്നാസിലാക്കി വച്ചിരിക്കുന്ന പെട്രോൾ കുടിക്കുക എന്നതാണ്. ആ ശീലം അവൾക്ക് ഒഴിവാക്കാൻ സാധിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്. ഛർദ്ദി, കഠിനമായ വയറുവേദന എന്നിവയ്‌ക്കെല്ലാം പുറമേ പെട്രോൾ കുടിക്കുന്നത് നമ്മുടെ ആന്തരികാവയവങ്ങളെ പോലും നശിപ്പിക്കും. എന്നാൽ, ഷാനൻ പറയുന്നത് തനിക്ക് ഈ ശീലം നിർത്താനാവുന്നില്ല എന്നാണ്.
അറിയാതെ പെട്രോൾ അകത്ത് ചെന്നാൽ പോലും അടിയന്തിരമായി ആശുപത്രിയിലെത്തേണ്ടതുണ്ട്. ആ സാഹചര്യത്തിലാണ് ഈ യുവതി എല്ലാ ദിവസവും പെട്രോൾ കുടിക്കുന്നത്. ‘എനിക്കറിയാം, ഞാൻ ചെയ്യുന്നത് സുരക്ഷിതമായ കാര്യമല്ല എന്ന്. ഇത് എന്നെ കൊന്നുകൊണ്ടിരിക്കുകയാണ് എന്ന്. എന്നാൽ, എനിക്കിത് നിർത്താനാവുന്നില്ല. ഒരു സോസ് എന്ന പോലെയാണ് പെട്രോൾ എനിക്ക് തോന്നുന്നത്’ എന്നാണ് ഷാനൻ നേരത്തെ ഒരു ടിവി പ്രോഗ്രാമിൽ പറഞ്ഞിരുന്നത്.
തന്റെ തൊണ്ടയുടെ അകം പൊള്ളുന്നതുപോലെ തോന്നാറുണ്ട് എന്നും അവൾ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഒരുദിവസം പോലും തനിക്ക് പെട്രോൾ കുടിക്കാതെ കഴിയാനാവില്ല എന്നാണ് അവൾ പറയുന്നത്. താൻ പുറത്തെവിടെയെങ്കിലും പോവുകയാണെങ്കിൽ ഒരു ചെറിയ വാട്ടർബോട്ടിലിൽ കുടിക്കാനായി പെട്രോൾ കരുതുമെന്നും അവൾ പറയുന്നു.
താൻ ഒരു വർഷമായി ഈ ആസക്തിയുടെ പിടിയിലാണെന്നും ഒരു ദിവസം 12 ടീസ്പൂൺ വരെ പെട്രോൾ കുടിച്ചിട്ടുണ്ടെന്നുമാണ് അവൾ പറയുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ തനിക്ക് പെട്രോളിന്റെ മണം ഇഷ്ടമായിരുന്നു അങ്ങനെയാണ് കുടിച്ചുനോക്കുന്നത് എന്നും അവൾ പറഞ്ഞു.
വിഷാദത്തിൽ നിന്നും രക്ഷ നേടാൻ തന്നെ സഹായിക്കുന്നത് ഈ പെട്രോൾ ആണെന്നും താൻ പെട്രോളിന് അടിമയാകാൻ അങ്ങനെ ഒരു കാരണം കൂടിയുണ്ടെന്നും ഷാനൻ പറയുന്നുണ്ട്. വയറുവേദനയും നെഞ്ചുവേദനയും അടക്കം വിവിധ അസുഖങ്ങൾ ഇപ്പോൾ തന്നെ അവൾക്കുണ്ട്.
2012 -ൽ TLC -യുടെ മൈ സ്ട്രേഞ്ച് അഡിക്ഷൻ എന്ന പരിപാടിയിലാണ് അവൾ പ്രത്യക്ഷപ്പെട്ടത്. അതിൽ അവളുടെ വീട്ടുകാരും ഷാനനിന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഷാനനിന്റെ കഥ വീണ്ടും വൈറലായിരിക്കുകയാണ്. അവൾ ഇപ്പോവും ജീവിച്ചിരിപ്പുണ്ടോ എന്നാണ് പലരും ചോദിച്ചത്. ഒരു യുവതി പറയുന്നത് ഷാനൻ തന്റെ നാട്ടിൽ നിന്നാണെന്നും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നുമാണ്.