കൊളറാഡോ സ്പ്രിംഗ്സ് ഫയർ ഡിപ്പാർട്ട്മെൻ്റിന് ജൂൺ 26 -ന് പുലർച്ചെ ഒരു കോൾ വന്നു. റഷ്മോർ ഡ്രൈവിലെ 1600 ബ്ലോക്കിലുള്ള ഒരു വീട്ടിൽ തീ പിടിച്ചു എന്നായിരുന്നു വിളിച്ചവർ പറഞ്ഞത്. ഉടനെ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും അധികം പടരും മുമ്പ് തീ അണക്കുകയും ചെയ്തു. എന്നാൽ, ആ തീപിടിത്തത്തിന് പിന്നിലെ കാരണം തേടിപ്പോയപ്പോഴാണ് എല്ലാവരും ഞെട്ടിയത്. അതിന് പിന്നിൽ അവിടുത്തെ നായയായിരുന്നു.
അർദ്ധരാത്രിയിൽ നായ സ്റ്റൗ ഓണാക്കുകയും അത് തീ പടരുന്നതിന് കാരണമാകുന്നതുമായ വീഡിയോ ഒടുവിൽ അന്ഗിശമന സേനാ അധികൃതർ പുറത്തുവിട്ടു. തീ പടരുന്നതും മുകളിലിരുന്ന ചില ബോക്സുകളെല്ലാം കത്തുന്നതും വീഡിയോയിൽ വ്യക്തമായിത്തന്നെ കാണാം. നായ പതിയെ അടുക്കളയിലെത്തി പിന്നീട് സ്റ്റൗ ഓൺ ചെയ്യുകയായിരുന്നു. അതോടെ അതിന് മുകളിൽ വച്ചിരിക്കുന്ന ബോക്സുകളിലേക്ക് തീ പടരുന്നതും വീഡിയോയിൽ കാണാം.
പുലർച്ചെ 4:47 -നാണ് ആ വീട്ടിൽ എത്തിയത്. എന്നാൽ, അവിടെ എത്തിയപ്പോൾ തീയില്ലായിരുന്നു. അതിന് മുമ്പ് തന്നെ വീട്ടുടമ തീയണച്ചിരുന്നു. എന്നാൽ, തീ പടർന്നതിന്റെ തെളിവുകൾ ഉണ്ടായിരുന്നു. ഒപ്പം പുക ശ്വസിച്ച വീട്ടുടമയെ പിന്നീട് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി എന്നും അധികൃതർ പറയുന്നു. പിന്നീട്, വീട്ടുടമയോട് കാര്യങ്ങൾ സംസാരിച്ചു. അപ്പോൾ സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ചു. അതിലാണ് തീപ്പിടിത്തത്തിന് കാരണക്കാരനായത് ആ വീട്ടിലെ നായയാണ് എന്ന് കണ്ടെത്തിയത് എന്നും അധികൃതർ പറഞ്ഞു. Apple HomePod -ന്റെ നോട്ടിഫിക്കേഷനാണ് തങ്ങളെ കൃത്യസമയത്ത് ഉണർത്തിയത് എന്ന് വീട്ടടുമ പറഞ്ഞത്രെ. തീപിടിത്തമോ മറ്റോ ഉണ്ടായാൽ പെട്ടെന്ന് അറിയുന്നതിന് ഇത്തരം മുൻകരുതലുകളെടുക്കാനും അധികൃതർ പറയുന്നുണ്ട്.