കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവർ വടിവാള്‍ വീശിയ സംഭവത്തിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ പിടിയിലായി. പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) നെയാണ് ബസ് ജീവനക്കാരുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ പുളിക്കൽ സിയാംകണ്ടത്തെ ബന്ധുവിട്ടീൽനിന്നാണ് പിടികൂടിയത്. സി.ഐ എ. ദീപകുമാറിന്‍റെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഓട്ടോയും വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ഓട്ടോയിൽ ഷംസുദ്ദീനൊപ്പമുണ്ടായിരുന്ന ബന്ധുവും യാത്രക്കാരനുമായ പുളിക്കൽ തയ്യിൽ ഹൗസിൽ ജാസിർ വലയിലായതായാണ് സൂചന.
കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. പുളിക്കല്‍ മുതല്‍ കൊളത്തൂർ വിമാനത്താവള ജങ്ഷന്‍ വരെയായിരുന്നു നിറയെ യാത്രക്കാരുള്ള ബസിനു നേരെ യുവാവിന്‍റെ പരാക്രമം. കോഴിക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് പുളിക്കലില്‍ യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയപ്പോള്‍ പിറകിലെത്തിയ ഓട്ടോറിക്ഷ തുടരെ ഹോണ്‍ മുഴക്കിയിരുന്നു. യാത്രക്കാരെ സ്‌റ്റോപ്പിലിറക്കി മുന്നോട്ടെടുത്തപ്പോള്‍ പിന്തുടര്‍ന്ന ഓട്ടോ കൊട്ടപ്പുറത്തിനടുത്തുവെച്ച് ബസിനെ മറികടക്കുകയും മാര്‍ഗതടസമുണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിക്കുകയുമായിരുന്നെന്ന് ബസ് ജീവനക്കാരുടെ പരാതിയില്‍ പറയുന്നു.
തൊട്ടടുത്ത സ്റ്റോപ്പായ തലേക്കരയെത്തുന്നതിനു മുമ്പായാണ് ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്ക് വീശി ഭീഷണിയുണ്ടായത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ പരാതി നല്‍കിയ ശേഷം ബസ് സർവീസ് തുടര്‍ന്നു. പിന്നീട് ബസ് ജീവനക്കാരെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. വടിവാൾ വീശുന്ന ദൃശ്യങ്ങൾ ബസ് യാത്രക്കാര്‍ പകര്‍ത്തിയത് പുറത്തുവന്നിരുന്നു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായി പുറത്തിറങ്ങിയ ആളാണ് ഷംസുദ്ദീനെന്ന് കൊണ്ടോട്ടി പൊലീസ് അറിയിച്ചു. പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും മാര്‍ഗ്ഗതടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
സംഭവത്തില്‍ മലപ്പുറം ആര്‍.ടി.ഒയുടെ നിര്‍ദ്ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഷംസുദ്ദീന്‍റെ മാതാവ് നഫീസയുടെ പേരിലാണെന്നും ടാക്‌സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ രേഖകളൊന്നുമില്ലെന്നും കൊണ്ടോട്ടി സബ് ആര്‍.ടി.ഒ നിഖില്‍ സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.