കോഴിക്കോട് : മൂന്നാറിൽ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന ഹൈകോടതി ഉത്തരവ് പരിശോധനയിലെന്ന് മന്ത്രി കെ. രാജൻ. പട്ടയം നൽകുക, കൈയേറ്റം ഒഴിപ്പിക്കൽ, പട്ടയ സാധുത പരിശോധന സംബന്ധിച്ചുള്ള അന്വേഷണങ്ങൾ നടത്തുക എന്നിവയുമായി ബന്ധപ്പെട്ട റവന്യൂ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമുള്ളതും കലക്ടറുടെ പദവിക്ക് തുല്യമോ അതിന് മുകളിലോ ആയിട്ടുള്ളതുമായ ഒരു സ്പെഷ്യൽ ഓഫീസറെ മൂന്നാർ മേഖലയിൽ നിയമിക്കുന്നതിന് 2024 ജൂൺ 19ന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യമാണ് സർക്കാർ പരിശോധിക്കുന്നതെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയേറ്റങ്ങളിലും നിർമാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നത് സംബന്ധിച്ച് 2023 ഏപ്രിൽ 20ന് തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
മൂന്നാർ മേഖലയിലെ പഞ്ചായത്തുകളുടെ ഒറ്റക്കുള്ള പ്രവർത്തനത്തിലുപരി, ദീർഘവീക്ഷണ കാഴ്ചപ്പാടോടെ മൂന്നാറിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനം ആസൂത്രണം ചെയ്യുകയും, അതിന്റെ അടിസ്ഥാനത്തിൽ വികസന പദ്ധതികൾ രൂപീകരിച്ചു നടപ്പിലാക്കുകയാണ് ലക്ഷ്യം. അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും, ഇതിനായി ഭരണ സംവിധാനത്തെ ഏകോപിപ്പിക്കുന്നതിനുമായി ഗ്രാമപഞ്ചായത്തുകളുടെ തദ്ദേശ സ്ഥാപനം എന്ന അധികാരത്തിലേക്കു കടന്നുകയറാതെയുള്ള ഒരു ഏകോപന സംവിധാനം എന്ന നിലക്കാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുന്നത്.