ചാവക്കാട്: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാറിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറാൻ മന്ത്രി കെ. രാജനുമൊത്ത് തെക്കൻ പാലയൂരിലെ വീട്ടിലെത്തിയതായിരുന്നു മന്ത്രി ബിന്ദു.
സംസ്ഥാന സർക്കാർ അടിയന്തര ധനസഹായമായി അനുവദിച്ച അഞ്ചു ലക്ഷം രൂപ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസുഫലിയുടെ അഞ്ചു ലക്ഷം രൂപ, നോർക്ക റൂട്ട്സ് ഡയറക്ടർ രവി പിള്ള, അമേരിക്കയിലെ ഫൊക്കാന പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ എന്നിവർ നൽകുന്ന രണ്ടു ലക്ഷം രൂപയടക്കം 14 ലക്ഷം രൂപയുടെ ചെക്കുകളാണ് കൈമാറിയത്.
പ്രവാസി വ്യവസായി കെ.ജെ. മേനോൻ നോർക്ക മുഖാന്തരം രണ്ട് ലക്ഷം നൽകുമെന്നും ബിനോയ് തോമസിന്റെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാർ അറിയിച്ചു. എൻ.കെ. അക്ബർ എം.എൽ.എ, കലക്ടർ വി.ആർ. കൃഷ്ണതേജ, നഗരസഭ ചെയർപേഴ്സൻ ഷിജ പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.