പുല്‍പ്പള്ളി: നഗരത്തില്‍ ദളിത് യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ അക്രമിസംഘം ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമായിരുന്നു യുവാവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. കാപ്പിക്കുന്ന് പാറപ്പുറത്ത് പി.ടി. ജിത്തു (26), മീനംകൊല്ലി തെറ്റിക്കോട്ടില്‍ ടി.ജെ. ബിജോബിന്‍ (24) എന്നിവരെയാണ് പുല്‍പ്പള്ളി എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട മറ്റു നാലുപ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അക്രമികള്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസെത്തിയാണ് രക്ഷപ്പെടുത്തിയത്.
പുല്‍പ്പള്ളി എരിയപ്പള്ളി ഗാന്ധിനഗര്‍ കോളനിയിലെ വരദന്‍, സുഹൃത്തുക്കളായ പ്രകാശ്, അജിത്ത് എന്നിവരാണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ടൗണിലുള്ള ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അക്രമികളുടെ കാര്‍ മറ്റൊരു വാഹനവുമായി തട്ടിയതിനെത്തുടര്‍ന്ന് പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചെറിയ സംഘര്‍ഷമുണ്ടായിരുന്നു. ഇവരുടെ വാഹനങ്ങള്‍ക്ക് സമീപമാണ് മര്‍ദ്ദനമേറ്റ വരദനും സുഹൃത്തുക്കളുമെത്തിയ ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്.
കാറുകള്‍ എടുത്തുമാറ്റാതെ ബൈക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍ വരദനും സുഹൃത്തുക്കളും പാര്‍ക്കിങ് ഗ്രൗണ്ടില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ഇതിനിടെ ഒരു പ്രകോപനവുമില്ലാതെ അക്രമികള്‍ തങ്ങളെ മര്‍ദിച്ചുവെന്നാണ് വരദനും കൂട്ടുകാരും പോലീസിന് നല്‍കിയ മൊഴി. അക്രമികളുമായി തര്‍ക്കത്തിലേര്‍പ്പെട്ട കാറിലുണ്ടായിരുന്ന സംഘത്തോടൊപ്പമുള്ളവരാണെന്ന് തെറ്റിദ്ധരിച്ചാവാം അവര്‍ തങ്ങളെ മര്‍ദിച്ചതെന്നും യുവാക്കള്‍ പറഞ്ഞു.
മര്‍ദ്ദനം രൂക്ഷമായതോടെ യുവാക്കള്‍ ബൈക്ക് പാര്‍ക്കിങ് ഗ്രൗണ്ടില്‍ തന്നെ ഉപേക്ഷിച്ച് നഗരത്തിലെ ഊടുവഴികളിലൂടെ ഓടി അനശ്വരജങ്ഷനിലെ തട്ടുകടക്ക് സമീപമെത്തി. എന്നാല്‍ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വീണ്ടും യുവാക്കളെ മര്‍ദിക്കുകയായിരുന്നു. വീണ്ടും പലവഴിക്കായി ചിതറിയോടി രക്ഷപ്പെട്ടെങ്കിലും ടൗണിലെ ബസ്സ്റ്റാന്‍ഡിനുള്ളിലേക്കാണ് വരദന്‍ ഓടിക്കയറിയത്. പിന്നാലെ എത്തിയ അക്രമിസംഘം തങ്ങളുടെ കാറില്‍ വരദനെ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു.
ഇതിനിടെ സംഘര്‍ഷവിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. താന്നിത്തെരുവ് റോഡിലേക്കാണ് വരദനെയും കൊണ്ട് വാഹനം പോയതെന്ന് മനസിലാക്കിയ പോലീസ് പരിശോധന നടത്തുന്നതിനിടെ ഇവിടുത്തെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന് സമീപം നിര്‍ത്തിയിട്ട നിലയില്‍ കാര്‍ കണ്ടെത്തി. വാഹനം പാതയോരത്ത് നിര്‍ത്തിയശേഷം, രക്ഷപ്പെട്ട വരദന്റെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു ഈ സമയം അക്രമികള്‍. എന്നാല്‍ പോലീസിനെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടുപേര്‍ പിടിയിലായി. പ്രതികളില്‍ മറ്റു നാലുപേര്‍ ഊടുവഴികളിലൂടെ ഓടിരക്ഷപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ വരദനും സുഹൃത്തുക്കളും പുല്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും സാമൂഹിക ആരോഗ്യകേന്ദ്രത്തിലും ചികിത്സതേടി.