ഇസ്‌താംബൂള്‍: ഉല്‍ക്കാവര്‍ഷം കാണാന്‍ നമ്മളില്‍ പലരും ഉറക്കമളച്ചിരുന്നിട്ടുണ്ടാകും. എന്നാല്‍ ശക്തമായ മേഘങ്ങളും മൂടലും കാരണം നിരാശയായിരുന്നിരിക്കും ഫലം. ചിലരൊക്കെ അത്യപൂര്‍വമായ ആ മനോഹര കാഴ്‌ച കണ്ടിട്ടുമുണ്ടാകും. തുര്‍ക്കിയിലെ നൂറുകണക്കിനാളുകള്‍ ഉല്‍ക്ക ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ചരിഞ്ഞിറങ്ങുന്നത് നേരില്‍ കണ്ടതിന്‍റെ ത്രില്ലിലാണ്. ദിവസങ്ങള്‍ മാത്രം മുമ്പ് തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് ഉല്‍ക്കയെ കണ്ടതായി തുര്‍ക്കി സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു.
നീലയും പച്ചയും ചാലിച്ച വര്‍ണങ്ങളിലാണ് തുര്‍ക്കിയില്‍ ഉള്‍ക്ക ദൃശ്യമായത്. വടക്കന്‍ തുര്‍ക്കിയില്‍ വെള്ളിയാഴ്‌ച രാത്രി ഉല്‍ക്കയെ കണ്ടതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ ആകാശത്തെ ഉല്‍ക്കയുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് ദി ഗാര്‍ഡിയന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇസ്‌താംബൂളിന് പുറമെ അങ്കാറ, ബുർസാ, സഫ്രാൻബോളു തുടങ്ങിയ നഗരങ്ങളില്‍ ഈ മനോഹര കാഴ്ച ദൃശ്യമായതായി രാജ്യാന്തര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ പറയുന്നു.
തുര്‍ക്കിയിലെ ഉല്‍ക്കാ കാഴ്‌ച രാജ്യത്തെ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചു. ‘രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ആകാശത്ത് ഉല്‍ക്ക കണ്ടത് ജനങ്ങളില്‍ ആകാംക്ഷ സൃഷ്ടിച്ചിരിക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉല്‍ക്ക പ്രവേശിക്കുമ്പോള്‍ സവിശേഷമായ നിറങ്ങള്‍ കാണാന്‍ പലവിധ കാരണങ്ങളുണ്ട്. ഉല്‍ക്കയുടെ രാസഘടനയും വേഗവും ഭൂമിയുടെ അന്തരീക്ഷത്തിലുള്ള വിവിധ ഗ്യാസുകളും ഉല്‍ക്കയ്ക്ക് ആകാശത്ത് നാം കാണുമ്പോള്‍ ആകര്‍ഷകമായ നിറങ്ങള്‍ നല്‍കും. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉല്‍ക്കയ്ക്ക് തീപ്പിടിക്കുകയും രാസപദാര്‍ഥങ്ങള്‍ അനുസരിച്ച് വിവിധ നിറങ്ങള്‍ ഉല്‍ക്കാദീപത്തിന് നല്‍കുകയും ചെയ്യും. സോഡിയം കടുത്ത ഓറഞ്ച്-മഞ്ഞ നിറങ്ങള്‍ സൃഷ്‌ടിക്കും. മഗ്‌നീഷ്യം പച്ചയോ നീലയോ വര്‍ണം നല്‍കും. ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്‌സിജനും നൈട്രജനും ചുവപ്പ് നിറത്തിന് കാരണമാകും’ എന്നും തുര്‍ക്കി സ്പേസ് ഏജന്‍സിയുടെ ട്വീറ്റില്‍ വിശദീകരിക്കുന്നു.