സിൽച്ചർ: താൻ അസം ജനതക്കൊപ്പം നിൽക്കുമെന്നും പാർലമെന്‍റിൽ അവരുടെ പോരാളിയാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളപ്പൊക്കം രൂക്ഷമായ സംസ്ഥാനത്തിന്, സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തിൽ കേന്ദ്രം ലഭ്യമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അസമിലെ കചാർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷമായിരുന്നു രാഹുലിന്‍റെ പ്രതികരണം.
“അസമിൽ നാശം വിതച്ച പ്രളയത്തിൽ എട്ടു വയസ്സുകാരന് ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നിലവിലെ സ്ഥിതി എന്താണെന്ന് അസം കോൺഗ്രസ് എന്നെ അറിയിച്ചിട്ടുണ്ട്. 60ലേറെ പേർ മരിക്കുകയും 53,000 പേർ പലായനം ചെയ്യുകയും ചെയ്തു. 24 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. ബി.ജെ.പിയുടെ ഡബിൾ എൻജിൻ സർക്കാരിന്‍റെ പിടിപ്പുകേടും പരാജയവുമാണ് ഈ വലിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
അസമിന്‍റെ കാര്യത്തിൽ സമഗ്രമായ പദ്ധതി വിഭാവനം ചെയ്യേണ്ടതുണ്ട് – പുനരധിവാസവും നഷ്ടപരിഹാര വിതരണവും ഉടനെ നടത്തണം. വടക്കു കിഴക്കൻ മേഖലയെ മുഴുവൻ പ്രളയഭീതിയിൽനിന്ന് സംരക്ഷിക്കാൻ വാട്ടർ മാനേജ്മെന്‍റ് അതോറിറ്റി സ്ഥാപിക്കുകയെന്നതും പ്രധാനമാണ്. ഞാൻ അസം ജനതക്കൊപ്പം നിൽക്കും, പാർലമെന്‍റിൽ അവരുടെ പോരാളിയാകും. സാധ്യമായ എല്ലാ സഹായവും എത്രയും വേഗത്തിൽ കേന്ദ്രം ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്” -രാഹുൽ എക്സിൽ കുറിച്ചു.
അതേസമയം, അസമിലെ പ്രളയം 30 ജില്ലകളെ ബാധിച്ചിട്ടുണ്ട്. പ്രധാന നദികളെല്ലാം കരകവിഞ്ഞതോടെ റോഡുകൾ തകരുകയും വൻ തോതിൽ കൃഷിനാശമുണ്ടാവുകയും ചെയ്തു. നിവധി വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. മഴക്കൊപ്പം ശക്തമായ കാറ്റും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.